Friday, January 5, 2024

 Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?  


സിനിമ എന്ന നിലക്ക് തന്മയത്വമുള്ള  മേക്കിംഗും സംവിധായകനെന്ന രീതിയിൽ ജിയോ ബേബിയുടെ മെയിൻസ്ട്രീമിലേക്കുള്ള കൃത്യമായ തുടക്കവുമാണ് കാതൽ. കയ്യടക്കം കൊണ്ട് പക്വതയുള്ള മേക്കിംഗ്സംവിധായകൻ പ്രമേയത്തോട് വ്യക്തിപരമായി കാണിച്ച ആത്മാർത്ഥതയായി തോന്നി. 'കാതൽ' 'by default' ഒരു ഹോമോഫോബിക്ക് സിനിമയല്ല - എന്നാൽ പ്രഥമദൃഷ്ട്യാ state യുക്തിക്ക് പുറത്തേക്ക് സെക്ഷ്വാലിറ്റിയെ വെച്ച് കാണാൻ ശ്രമിക്കാത്ത (എന്നെ സംബന്ധിച്ച് അതാ മനപ്പൂർവ്വമായിക്കൊള്ളണമെന്നില്ല), വ്യക്തി  -കുടുംബം - സമൂഹം എന്നതിലേക്ക് സ്വവർഗാനുരാഗത്തെ കണിശമായി ബന്ധിപ്പിച്ച് കഥപറയുന്ന ഒരു ഹെട്രോസെക്ഷ്വൽ വീക്ഷണമാണ്. അതായത്, ഓമന എന്ന ഹെറ്ററോസെക്ഷ്വൽ വര്ഷങ്ങളായി അനുഭവിക്കുന്ന  denial ( ethical and sexual ) കേന്ദ്രവിഷയമാകുമ്പോഴേക്കും ഇവിടെ സമൂഹം ഹോമോസെക്ഷ്വൽ ആയ മാത്യുവിനെ ടോർച്ചർ ചെയ്തു തുടങ്ങുന്നു. അയാളെ പുകച്ചു പുറത്തു ചാടിക്കാൻ ഓമനയുടെ സ്ത്രീ എന്ന ഐഡന്റിറ്റിയെ മുന്നിൽ നിർത്തുകയും മാത്യു തങ്കനുമായുള്ള രഹസ്യബന്ധത്തിലൂടെ താരതമ്യേന തൃപ്തികരമായ സെക്സ് ലൈഫ് ആണാണെന്നുള്ള അധികാരത്തിലൂടെ നേടുകയും ഉണ്ടായി എന്നതാണ് കാതലിലെ moral argument. 


പക്ഷേ ഓമനമാരല്ലേ ( No offense to women here)  സമൂഹം? മാത്യുവും തങ്കനുമല്ലേ അപരർ? മാത്യുവും തങ്കനും ജീവിക്കുന്നത് തന്നെ സ്വയത്തിനോട് നുണപറഞ്ഞു കൊണ്ടും സ്വയം manipulate ചെയ്തുകൊണ്ടുമല്ലേ?  കഴുത്തറ്റം ഹോമോഫോബിയയിൽ മുങ്ങിയിരിക്കുന്ന സമൂഹത്തിന്റെ moral ഫാബ്രിക്കിന്റെ സ്ഥിരതക്കായി മാത്യുമാരും തങ്കൻമാരും നൂറ്റാണ്ടുകളായി കടമപോലെ അനുഷ്ഠിച്ചുവരുന്ന deep repression തന്നെയല്ലേ ത്യാഗത്തിന്റെ ത്രാസിൽ താഴ്ന്നിരിക്കുന്നത്? ആ സ്വയം നിരാകരണത്തിന്റെ, തപസ്യ കണക്കെ മഹത്തരമായ അവരുടെ ഹുമാനിസത്തിനോളം വലുതാണോ ഓമനയുടെ 'വേദന' എന്നത് സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കെ, ഓമനയ്‌ക്കൊപ്പം നിൽക്കാൻ കഴിയുമോ?  


കാതലിൽ രാഷ്ട്രീയ ശെരികേടുണ്ട് പക്ഷേ അത് ഹോമോഫോബിക്കല്ല - മറിച്ചൊരു സാധാരണ മനുഷ്യന്റെ മാനുഷികതയെ ആഴത്തിൽ തൊടുന്ന ബ്യൂട്ടിഫുൾ flaw ആണ്.


മഴയിലൂടെ കാറിനുള്ളിലേക്ക് രക്ഷപ്പെടുന്ന പവർലെസ്സായ തങ്കനെ നോക്കി നിൽക്കുന്ന മാത്യു അനുഭവിക്കുന്ന നിസ്സഹായാവസ്ഥ ഡിവോഴ്‌സോ, കോടതിയോ പോലുള്ള ഒരു 'ഹെട്രോ വ്യവഹാര'ത്തിനും സാമൂഹികതയ്ക്കും സോൾവ് ചെയ്യാൻ പറ്റുന്നൊരു പെയിൻ അല്ല. അവസാനത്തിൽ മാത്യുവിനും കൂടി വേണ്ടിയാണ് താനിത് ചെയ്തതെന്ന് ഓമന പറയുന്നത് നീതികേടാണ്. ഓമന പാട്രിയായിർക്കിയുടെ  ഇരയാണല്ലോ - പക്ഷേ പാട്രിയാർക്കിയിൽ തന്നെയല്ലേ സ്‌റ്റേറ്റും സമൂഹവും നിലനിൽക്കുന്നത്? മാത്യുവിന് എന്തുണ്ട്? ആരുണ്ട്? 



പക്ഷേ ജിയോ ബേബി 'glitches  in the matrix' പോലെ സെക്ഷ്വാലിറ്റിയുടെ രാഷ്ട്രീയത്തിനു പുറത്തേക്ക് പ്രണയത്തെ സ്വതന്ത്രമാക്കുന്നത് മനോഹരമാണ്: പുതിയ ആളെ മീറ്റ് ചെയ്യുന്ന ഓമന മറ്റൊരു ജീവിതത്തിലേക്ക് തയ്യാറെടുക്കുമ്പോൾ പുറത്തിറങ്ങി ഒറ്റപ്പെട്ട് നിൽക്കുന്ന മാത്യുവിനെ കാണിച്ച് തരികയാണ്. അയാളെന്തിനാണങ്ങനെ നിൽക്കുന്നത്? ഒരു ദുരിതകാലം പെയ്തു തീർന്നതിന്റെ, ഭാരമൊഴിഞ്ഞതിന്റെ നെടുവീർപ്പ് മാത്രമാണോ അത്? അതോ മാത്യുവിന്റെ പ്രണയം  നമ്മുടെ ഹെട്രോനോർമേറ്റീവ് ഭാവനക്കും, പൊളിറ്റിക്സിനും മനസെത്തിക്കാനാവാത്തവിധം ദൂരത്താണോ? 

 And the genius of Mammootty is the evasively transcendent characterization (portrayal) of Mathew. In the end, I wasn't sure if he was gay, bisexual or anything in particular objectively - if I could say that's what I felt. In the end, Omana is free to choose a new life and Thankan can finally be himself with Mathew in a new phase of life despite his societal and structural power disadvantages ( him being an ordinary, underprivileged person compared to both Omana and Mathew). But what is Mathew? Why was he sad when Omana was excited about her new life? Was that because he lost a friend or was his heart broken?

Kathal is interesting beyond its craft. 


കാതൽ അതിന്റെ എല്ലാ കുറവുകളോടും കൂടി എന്റെ പ്രിയപ്പെട്ട സിനിമയാവുകയാണ്. കാരണം ഒരർത്ഥത്തിൽ  ഞാനും ആ കുറവുകളുടെ ആകെത്തുകയാവാം.


Saturday, February 12, 2022

The Snakeman

 Every time I see Vava Suresh with a snake, I see a man who's dedicated his whole life to engaging with these creatures in petting them, tracking them or catching them. But the thing that interested me most was his near-perfect instinct while playing with them. He toys with them like he has some kind of call to it. A man committed to touching perfection in his area of expertise. Always trying to be the confident showman who's got a clear idea about his trade and a faultless expert at the job. I always admired his play in between life and death and even rooted for him for a while.

 One other person I know who has this kind of weird connection to snakes would be my dad. He almost considers snakes as his enemies or something. I still remember a terrifying scene of my childhood. My dad was home, at the table having lunch after work as mum runs toward him screaming " there's a snake on the other side of the fence". He stopped eating and asked me to bring his Chooral stick. I rushed inside and brought it to him as fast as I could. He went near the fence, widened his arm with the Chooral stick and gave it a light slap on the head. It was dead. Not even a movement. I have seen him killing countless snakes from thereafter.


Some people have certain ways with certain things. No one can change that. Advising Vava to be careful and to take adequate gear is not gonna do I guess. That will only change those who fear death. And he's not afraid of death. He'll be more than happy to die at one job he was perfect at or achieve perfection if there's such a thing. People need heroes and heroism to celebrate regardless of the reason. If you don't enjoy it, stay away from it. Make collective awareness from your comfort zone. That would be the best precaution anyway.

Thursday, November 4, 2021

Suburben fallacies

 നിലാവിൽ തണുപ്പിൽ,  കാഴ്ച്ചയിൽ അനന്തതയായെപ്പോഴും തോന്നുന്ന,  ഇന്റെർലോക്കും കോൺക്രീറ്റും കൂട്ടിപ്പാകിയിട്ട ഇടനഗര പാതയിലൂടെ ഇടപ്പള്ളിക്ക് രാത്രി കൂടിയിങ്ങനെ വലിച്ചോണ്ട് നടക്കുമായിരുന്നു, രാത്രികളിൽ. ആരെയും പ്രതീക്ഷിക്കാനില്ലാതെ വിളറിയ വെട്ടം വീഴ്‌ത്തുന്ന കറന്റ് കാലുകൾ തല മണ്ണിലേക്ക് പൂഴ്ത്തി നിൽക്കും, ചളി കുഴഞ്ഞ പാതക്കിരുവശങ്ങളിൽ. അവിടെ  പുല്ല് ചവക്കുന്ന പശുക്കളുടെ ദേഹത്തെ വെള്ള രോമ രൂപങ്ങൾ മാത്രം ഇരുട്ടിൽ തുറിച്ചിരിക്കും. ഈ സമയത്തേക്ക് നഗരം മെല്ലെ വല്ലാത്തൊരു പ്രശാന്തമായ വിജനതയുടെ phase ലേക്ക് കടക്കും. ഈ പ്രദേശത്ത് മാത്രമായി ഋതുക്കൾ മാറിക്കൊണ്ടേയിരിക്കുന്ന രാത്രികൾ - കാലങ്ങളെ കടന്നു ഞങ്ങൾ നടന്നുകൊണ്ടിരിക്കും. മെയിൻ റോഡ് വക്കുകളിൽ അവിടവിടായി ചെറിയ ചെറിയ  വെട്ടങ്ങളിൽ ചെറിയ ചെറിയ കടകൾ - ഞങ്ങൾക്കത് സിഗരറ്റ് കടകളും ഷവർമക്കടകളുമാണ്‌. ഇവിടെയെപ്പോഴോ 21വർഷം പഴക്കമുള്ള ഞാനുണ്ടായിരുന്നെന്നോർത്തു. അക്കാലം ഞാൻ നിസ്സഹായനായിരുന്നെന്നും അത്രതന്നെ അലസനായിരുന്നെന്നും വളർച്ചയെത്താത്ത മനുഷ്യക്കുഞ്ഞായിരുന്നെന്നും ഓർമ വരും. ഷവർമ വാരിക്കഴിച്ച് വലിച്ച് തിരിക്കുമ്പോൾ ചെറുവെട്ടങ്ങൾ അങ്ങിങ്ങായി കെട്ടുതുടങ്ങുന്നു. ആളുകൾ നഗരത്തെ തനിച്ചിട്ട് വിട്ടു തുടങ്ങുന്നു. മെയിൻ റോഡ് കടന്നു,  പുകവിട്ടുകൊണ്ട് നഗരപ്രാന്തത്തിനുള്ളിലെ ഋതുക്കളുടെ കോൺക്രീറ്റും ഇന്റർലോക്കും അലസമായി പാകിയ പാതയിലേക്ക് ചുണ്ടത്ത് സിഗരറ്റിന്റെ തീ ഇന്ഡിക്കേറ്ററിട്ട് ഒരു തിരിവ് വെച്ചുകൊടുക്കും. ഋതുക്കൾക്കിടയിലൂടെ രോഹിതിനെ കേട്ട് കൊണ്ട് പുല്ല് ചവക്കുന്ന പശുക്കളുടെ ശബ്ദങ്ങളെയും, ഇരുട്ടിൽ അന്നന്നു കൈക്കലാക്കിയ ഭക്ഷണ സാധനങ്ങളുമായി തലംവിലങ്ങോടുന്ന തെരുവ് നായ്ക്കളെ പിറകിലാക്കി ബീക്ക യിലേക്കുള്ള നാൽജംക്ഷനിലേക്ക്,  നടന്ന് കയറും. എന്റെ താമസ സ്ഥലത്തിനും ഇടപ്പള്ളിയുടെ ടൗണിനും ഇടയിൽ,  ഒറ്റപ്പെട്ട 

കറന്റു കാലുകളും പശുക്കളും പട്ടികളും മാലിന്യങ്ങളും തകർന്ന വാഹനങ്ങളും ചേർന്ന,  നൈമിഷികമായ പല ഋതുഭേദങ്ങളുടെ കാലമാറ്റങ്ങൾക്കും പൂർണവിധേയപ്പെട്ട ആ കോൺക്രീറ്റും ഇന്റർലോക്കും പാകിയ വഴി, ഒരു സിറാത്ത് പാലത്തിനെപ്പോലെ, വലിയ രണ്ടു കാര്യങ്ങളുടെ കനത്ത ഭാരം പേറി, പിടി തരാതെയൊറ്റപ്പെട്ട് കിടക്കും.

Friday, July 30, 2021

malik review

മാലിക് നു പല ഷെയ്ഡുകളുണ്ട്. യഥാർത്ഥമായ സംഭവങ്ങളുടെ ഇവന്റുകളും ഇമേജറികളും ഉഓയോഗിക്കുമ്പോൾ തന്നെയും മാലിക് നല്ലൊരു ശതമാനം അതിന്റെ ഘടനയിൽ തന്നെ ഫിക്ഷന്റെ സാധ്യതയിലാണ് നിൽക്കുന്നത്. 
ഒന്നാമതായി,  ബീമാപള്ളി വെടിവെപ്പ് എന്ന,  ഇടത് സ്പോൺസേഡ് കൂട്ടക്കൊല കേരളത്തിന്റെ നമ്പർ വൺ പിആർ മാസ്കിനുള്ളിൽ മറഞ്ഞുകിടന്ന കിരാത സംഭവം,  ഒരു നോൺ മുസ്ലിം ഡയരക്ടർ വഴി സർഫസിലേക്ക് പൊന്തിവരികയാണ്, അതും ആമസോൺ പ്രൈമിൽ. അതൊരു ചെറിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല മാത്രവുമല്ല, ബീമാപ്പള്ളിയിലെ വെടിവെപ്പ് പൂർണമായും പോലീസ് ഗൂഢാലോചനയായിരുന്നു എന്ന സത്യം ഉറക്കെ പറഞ്ഞുകൊണ്ട് അവസാനിക്കുന്ന മാലിക്കിൽ ഇടതുപക്ഷ ഗവണ്മെന്റിനെ നിർബന്ധമായും കാണിക്കണമായിരുന്നു എന്ന വാദം എന്നെ സംബന്ധിച്ച് സംവിധായകന്റെ മാത്രം ചോയിസാണ്. 
എന്നെ സംബന്ധിച്ച് താൻ ജീവിക്കുന്ന കേരളത്തിൽ ഇടതുപക്ഷ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾക്കും തീരദേശനിവാസികൾക്കുമെതിരെ ഇത്ര വലിയ വംശീയ ആക്രമണം നടന്നിട്ടും അതിനെതിരെ ഒരു ചെറുവിരൽ പോലും അനങ്ങിയില്ല എന്ന ഞെട്ടൽ ഒരു നോൺ മുസ്ലിം ആയ, അതിന്റെ പ്രിവിലേജ് അജുഭവിക്കുന്ന മഹേഷ്‌ നാരായണനുണ്ടായിട്ടുണ്ടാവാം എന്ന സാധ്യത കൂടി ഞാനതിൽ കാണുന്നുണ്ട്. 
ടേക്ക് ഓഫിൽ ഇസ്ലാമോഫോബിയ ഉള്ളതുകൊണ്ട് ബൈ ഡിഫോള്ട് മാലിക് ചെയ്യുന്നയാളും ഇസ്ലാമോഫോബിക്കായിരിക്കുമെന്ന മുൻവിധി കൂടി ഇതിൽ വർക്ക് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് ഇവിടെയുള്ള മുസ്ലിം സ്വത്വവാദികളുടെ വാദം കാണുമ്പോൾ തോന്നുന്നത്.  
ഒരു മുസ്ലിം എന്ന നിലയിൽ മാലിക് എന്ന സിനിമ മുസ്ലിം ജീവിതത്തെയും അതിന്റെ എസ്സെൻസിനെയും മലയാള സിനിമക്ക് പരിചിതമല്ലാത്ത പ്രതലത്തിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട് . ഭൂമിയുടെ മേലുള്ള അവകാശത്തെ കുറിച്ച് പൂര്ണബോധ്യമുള്ള സംഘടിതരായ ജനതയാണ് റമദാപള്ളിക്കാർ. തിരുവനന്തപുരത്തിന്റെ സവർണ /രാജകുടുംബ ആധിപത്യ സംസ്കാരത്തിനും അധികാരത്തിനും പുറത്തുള്ള ജനത. അവരുടെ കള്ളക്കടത്തിലൂടെയും മറ്റുമുള്ള അതിജീവനം വെറുമൊരു ക്രിമിനൽ ഒഫൻസിനപ്പുറത്തേക്ക് അവരുടെ അപൊളിറ്റിക്കൽ ആയ നിർഭയത്വവും, തങ്ങളെ പുറന്തള്ളിയ വ്യവസ്ഥയോട് ഫക്ക് പറയുന്ന അന്തസോടു കൂടിയുള്ള ജീവിതവും സിനിമ ഒരിക്കലും കേവലമായ സ്റ്റെറ്റിസ്റ് /പൊതുബോധ കാഴ്ചപ്പാടിന് വിട്ടുകൊടുക്കുന്നില്ല. അതെ സമയം തന്നെ ആഭ്യന്തര കൊളോണിയലിസത്തിനെതിരെയുള്ള ഈ   സ്പിരിറ്റ്‌ നു  മനോഹരമായ കുറച്ച് സീനുകളിലൂടെ സാധുത നൽകുകയാണ് ചെയ്യുന്നത്. 

 പ്രാഥമികമായി മുസ്ലിം വിരുദ്ധമായ CAA, NRC സമരങ്ങൾക്കിടെ മുസ്ലിം പ്രതിനിധാനങ്ങൾ അല്ലാഹു അക്ബർ മുഴക്കിയപ്പോൾ അതിനെ പൊട്ടൻഷ്യൽ ഇസ്ലാമിക മതമൗലിക വാദമായും സംഘികൾക്ക് സമമായും വായിക്കപ്പെട്ട പൊതുവിലേക്കാണ് മാലിക്കിലെ അല്ലാഹു അക്ബർ വിളികൾ അത്ര സ്വാഭാവികമായും ഒരു കൂട്ടത്തിന്റെ നിര്ഭയത്വത്തിന്റെ ചിഹ്നമായും  മുഴങ്ങുന്നത്. ആ സീനിലും ആ വിളികളിലും വിശ്വാസത്തിന്റെ ശക്തിയും പോസിറ്റിവിറ്റിയും ഭംഗിയും കൂടിയാണ് ഞാൻ കണ്ടത്. മാലിക് എന്ന സിനിമ മുസ്ലിം സ്വത്വ രാഷ്ട്രീയത്തെ വികലമാക്കിയെന്നാരോപിക്കുന്നവർ അത്  മുസ്ലിം എന്ന അസ്തിത്വത്തോട് മുൻപൊരു സിനിമയും കാണിക്കാത്ത നീതി കാണിക്കുന്നുണ്ട് എന്ന കാര്യം മനഃപൂർവം മറക്കുന്നുണ്ട്.  നിസ്കാരവും പള്ളിയും മറ്റാചാരങ്ങളുമെല്ലാം തീവ്രവാദത്തിന്റെയോ, സ്ത്രീവിരുദ്ധതയുടെയോ, ഭീകരതയുടെയോ മുന്വിധികളിലാതെ, അത്തരം നരേറ്റിവുകൾക്ക് വേണ്ടി ഉപയോഗിക്കപ്പെടാതെ മാലിക്കിൽ സുന്ദരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിനനുസരിച്ചുതന്നെ അതിമനോഹരമായ, കഥയോട് നീതിപുലർത്തുന്ന,  മുസ്ലിം പശ്ചാത്തലത്തിലുള്ള സംഗീതവും കൃത്യമായി ഉപയോഗിച്ചിട്ടുമുണ്ട്. അത്തരത്തിൽ  ദീർഘകാലമായി മലയാള സിനിമയിൽ മുസ്ലിം പ്രതിനിധാനങ്ങൾക്ക് മേൽ തുടർന്ന് പോരുന്ന സങ്കുചിതവും സ്റ്റീരിയോടൈപ്പിക്കുമായ  visual നരേറ്റിവുകൾക്കപ്പുറം മാലിക്ക്  സ്വന്തമായ, സ്വാഭാവികമായ മുസ്ലിം അസ്തിത്വം രൂപീകരിക്കുന്നത് എനിക്ക് കാണാൻ സാധിക്കുന്നത്. 
സിനിമയിൽ റമദാപള്ളിക്കാർ പോലീസിനെ തിരിച്ചടിക്കുന്നത് ഭാവനാത്മകമാണെങ്കിൽ തന്നെ,  പോലീസ് കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ നര നായാട്ടാണ് അതെന്നു സിനിമ കൃത്യമായി പറഞ്ഞുവെക്കുകയും ഇനി അത്തരത്തിലൊരു counter അറ്റാക്ക് ഉണ്ടായെങ്കിൽ തന്നെ അകാരണമായി അക്രമിക്കപ്പെട്ടവന്റെ സായുധ പ്രതിരോധത്തെ സിനിമ ലെജിറ്റിമൈസ് ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ സ്റ്റേറ്റിന് ആക്സസിബിൾ ആവാത്ത,  അഴിമതിക്കും രാഷ്‌ടീയ ലാഭങ്ങൾക്കും കിട്ടാത്ത ഭൂമി, അതിന്മേൽ ഒരു ജനത കൈവരിക്കുന്ന സ്വയം പര്യാപ്തത ഇതൊക്കെ സ്റ്റേറ്റിനെ അസ്വസ്ഥതപ്പെടുത്തുകയും പൊലീസിന് സ്വാധീനമുണ്ടാക്കാൻ  വേണ്ടി അവർ ഗൂഢാലോചനപ്രകാരം നടത്തിയ വംശഹത്യയായിരുന്നു ഇതെന്നും വസ്തുതയാണ്. അതിനെ സിനിമ ഒരിടത്തും ചോദ്യം ചെയ്യുന്നില്ല. ബീമാപ്പള്ളി കൂട്ടക്കൊലക്ക് കാരണമായ കമ്യൂണിസ്റ്റു ഗവണ്മെന്റിനെ കാണിച്ചില്ല എന്നതിനേക്കാളും ബീമാപ്പള്ളിയിലെ ജനതയുടെ ഈയൊരു സ്റ്റേറ്റ് വിരുദ്ധ രാഷ്ട്രീയ ബോധ്യത്തെ സിനിമ ചോദ്യം ചെയ്യുന്നുമില്ല,  മറിച്ച് അതവരുടെ അവകാശമായി മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. 
കാരണം ബീമാപ്പള്ളി കൂട്ടക്കൊലയുടെ ഉത്തരവാദി ആരാണെന്നു പകൽ പോലെ വ്യക്തമാണ്. സിനിമയിൽ ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമല്ലാത്ത സലിം കുമാറിന്റെ ഇമാം കഥാപാത്രം ഇത്  "ഒരമ്പലത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നേനെ " എന്ന് ചോദിക്കുന്നത് ഈ സിനിമയിൽ യാദൃശ്ചികമാണെന്നു വാദിക്കാൻ കഴിയുമോ?  ഇവിടെ മുസ്ലിങ്ങൾ അനുഭവിക്കുന്ന അപരത്വത്തെ ഇത്ര തീവ്രവും കാര്യക്ഷമവുമായി ഒരു ഡയലോഗിൽ ഒതുക്കിയ എത്ര സിനിമകൾ ഈ മുസ്ലിം സംരക്ഷകർക്ക് കാണിക്കാൻ കഴിയും?  ഇടതുപക്ഷ ഗവണ്മെന്റ് നടത്തിയ ബീമാപ്പള്ളി കൂട്ടക്കൊലയിൽ പോലീസുകാർ ഒരു കുഞ്ഞിനെ കൊന്നു വലിച്ചുകൊണ്ടുപോവുന്ന നെഞ്ച് തുളയ്ക്കുന്ന രംഗം അത്ര തീവ്രതയോടെ പ്ലേസ് ചെയ്ത സിനിമയെ എങ്ങനെയാണ് നിങ്ങൾക്ക് ഇസ്ലാമോഫോബിയ എന്ന ഒറ്റക്കുറ്റിയിലേക്ക് കെട്ടാൻ കഴിയുന്നത്? 
ബീമാപ്പള്ളിയിലെ കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ശേഷം അമ്പലത്തിലെ ആറ്റുകാൽ പൊങ്കാലയിൽ 'ഒളിക്കുന്ന ' സവർണ മാടമ്പിയെ  ഇത്ര കൃത്യമായ വിവേചനബുദ്ധിയോടെ കാണിച്ചു തരുന്ന എത്ര സിനിമകളുണ്ട്?  മുസ്ലിങ്ങൾ തോക്ക് ഉപയോഗിക്കുന്നതാണോ നിങ്ങളുടെ പ്രശ്നം? അരികുവൽക്കരിക്കപ്പെട്ടവർ  അങ്ങനെ നിരായുധരും അഹിംസാവാദികളും മാത്രമാവണമെന്ന വാശിയും, ഇതുപോലെയുള്ള മുസ്ലിം ആവിഷ്കാരങ്ങളും ബൈ ഡിഫോൾട്ട്  ഇസ്ലാമോഫോബിയയും ആവുമെന്ന ഇരവാദ യുക്തി  മാത്രമായേ എനിക്കതിനെ കാണാൻ കഴിയൂ. 
എന്റെ കാഴ്ചാനുഭവത്തിൽ 
മാലിക്ക് കുറച്ചുകൂടെ സ്വതന്ത്രമായ കാണൽ ആവശ്യപ്പെടുന്നുണ്ട്, നമ്മളത് നൽകാൻ തയ്യാറാണോ എന്നതാണ് ചോദ്യം.
പിന്നെ മറ്റു സ്വത്വങ്ങളെ അഡ്രസ് ചെയുന്ന  സിനിമകളിലെല്ലാം ഫിക്ഷന്റെ സാധ്യതകളെ തേടുന്ന ആളുകൾ മാലിക്കിന്റെ ഫിക്ഷണൽ സാധ്യതയെയും ഫ്രീഡത്തെയും  അംഗീകരിക്കാൻ സാധ്യതയുണ്ടോ എന്ന് കുറച്ചു ദിവസം മുന്നേ ഒരു ചർച്ചയിൽ ചടച്ചിരിക്കുമ്പോൾ ഞാനോര്ത്തിരുന്നു.  
ഒരിക്കലുമില്ല എന്ന് ഇന്ന് മനസിലായി. 

Tuesday, June 8, 2021

Fragments of a lost child

 എസ്റ്റെറ്റിൽ നീണ്ടുപെയ്ത മഴക്ക് ശേഷം മരം പെയ്തൊലിച്ചിറങ്ങുന്നു. കൊതുക് കൂട്ടം കാടുവിട്ട് മൂളിയിറങ്ങുന്നു.തോർന്ന മഴയുടെ ശൗര്യം നിൽക്കാതെ എസ്റ്റേറ്റ് വെള്ളം കൊള്ളിലൂടെ താഴെ വീടിനരുകിലെ ചാലിലേക്ക് വീണു ചളി കുഴഞ്ഞൊഴുകുമ്പോൾ, അമ്മാ ഉഴുന്നുദോശ വാഴക്കയ്യിൽ എണ്ണ പിരട്ടി കരിച്ച് ചുട്ടെടുക്കുകയാണ്. വീടിന്റെ,  മഴയിൽ കുതിർന്ന തണുത്ത മൺകട്ടകൾക്കുള്ളിലെ പുരാതനമായ കരിയടുപ്പിൽ പോത്തിന്റെ കറി തണുത്ത് കത്തുന്നു. കരിമണ്ണ് കലക്കി മെഴുകിയ കോനായിൽ നിന്ന് കയ്യിലൊരു ദോശയും ഇടംകയ്യിൽ സിയ്യാചെച്ച വാങ്ങിത്തന്ന പോപ്പിക്കുടയും കൊണ്ട് മുറ്റത്തേക്ക് ചാടി, എസ്റ്റേറ്റ് ചളി ഒലിച്ചുപോയ ചാല് കവച്ച്, മുറ്റത്ത് വയൽക്കിണറിൽ നിന്ന് കലക്കവെള്ളം കോരുന്ന സൽമാർസിന്റെ ദൃശ്യം ഒരു ഫോട്ടോയാക്കി വയലിലേക്കൊരൊറ്റ ഊളിയിടൽ. ഈ വയലൊക്കെ ഏതോകാലം വാഴകേറിയതാണ്. നെല്ലായിരുന്ന് മുന്നം. അമ്മാ പറഞ്ഞിട്ടുണ്ട്. റാദത്താ ചോല വെട്ടാൻപോയി വന്നിട്ട് പാൽപ്പൊടിച്ചായ സ്റ്റീൽ സോസറിൽ ആറ്റിക്കുടിയ്ക്കുമ്പോ പറഞ്ഞിട്ടുണ്ട്(.ചോലവെട്ടുന്ന വാക്കത്തിപ്പിടിക്ക് റാദത്താന്റെ വിയർപ്പ് മണക്കും. ) സിയ്യാചെച്ചാക്ക് വയൽ ഓർമ കാണും ചിലപ്പോ. ചെച്ച കുഞ്ഞായിരുന്നപ്പോ കാര്യമ്പാടി വേറെയാവും.ഏറിയ കാടാവും. ഇപ്പൊ കൊറഞ്ഞ കാടാ. എസ്റ്റേറ്റ് കൂടിയേ ഉള്ളൂ.ചെലപ്പോ കാണാൻ വരുന്ന ബന്ധുക്കൾ "അമ്മാന്റെ വീട് ഒരു എസ്റ്റേറ്റില്, അതും വയലിന്റെ നടുക്കെന്നു " വിഷമിക്കുന്നത് കണ്ടട്ടുണ്ട്. അതിനിത് കാടല്ലല്ലോ, കാടിന്റെ ബാക്കിയാണല്ലോ. 

എസ്റ്റേറ്റിന് താഴെയുള്ള വയലൊരു നാടൻ മെയ്‌സായിരുന്നു.പക്ഷെ അവനാ എസ്റ്റേറ്റിന്റെ മൗഗ്ലിയാണ്. എവിടെപ്പോയാലും ബൂമറാങ് പോലെയവൻ  വരമ്പുകളിലൂടെ തെന്നിപ്പാഞ് തിരിച്ചെത്തും.മഴക്കാലത്ത് പാടം മുങ്ങും, ഞണ്ടുകൾ മുറ്റം കേറും, വാഴ പൊതിരെ വീഴും,ബാംബോട്ടി വയലിൽ പൊങ്ങിയൊഴുകി നടക്കും, വരമ്പുകൾ ചളിയിൽ മാഞ്ഞുപോകും. 

ഐസ്പ്പക്കാന്റെ വീട്ടിൽ ഞായറാഴ്ച്ചപ്പടം കാണാൻ വെള്ളത്തിലൂടെയൊടുമ്പോ മനക്കണക്കിൽ വയലിന്റെ ഭൂമിശാസ്ത്രമുണ്ട്. കാലെവിടെ വഴുക്കുമെന്നും വരമ്പെടവിടെയൊക്കെ വളയുമെന്നുമറിയാം. പാന്റ് മുട്ടിലേക്ക് കയറ്റി മടക്കി ചളികുഴഞ്ഞ കുത്തങ്കയറ്റം പാഞ്കേറുമ്പോ കനാൽക്കിണറിന് സൈഡിലെ അമ്പഴങ്ങമരത്തിന്റെ ചോടിൽ ഇലയും കായും കാറ്റടിച്ച് വീഴ്ത്തിയിട്ടുണ്ടാവും. കായൊന്നു കടിച്ച് പോക്കറ്റിലിട്ട് ഇലത്തണ്ട് വായിലിട്ട് ചവച്ച് വീണ്ടും ഓടി ഐസ്പ്പക്കാന്റെ മുറ്റത്തേക്ക് പാറിയിറങ്ങി കാല്കഴുകി ടീവിക്ക് മുന്നിലിരിക്കും.അന്നാണ് കാരുണ്യം സിനിമ കണ്ടത്. നഷ്ടപ്രണയം, മരത്തിന്റെ കപ്പിയുള്ള കിണറ്, ബസ്സിടിച്ച് മരിച്ച മുരളി, അയാളുടെ പൊട്ടിയ കണ്ണട. അന്ന് അമ്മാന്റെ മടീലിരുന്ന് ഏങ്ങിക്കരഞ്ഞു. അമ്മായും കരഞ്ഞു. 

‌അമ്മാ കുറെ കഥ പറഞ്ഞു തന്നിട്ടുണ്ട്. ഏറോപ്ലെനുകളുടെ കഥ. കുട്ടി എയർപ്ലെൻ, തള്ള എയർപ്ലെൻ.. കാര്യമ്പാടിയിലെ ഗ്രാമത്തിലിരുന്നു മോനെ തീറ്റിക്കാൻ വേണ്ടി അമ്മാ പ്ളേനുകളുടെ സിനിമാറ്റിക് യൂണിവേഴ്സിനുള്ള കഥയുണ്ടാക്കി.സെബിയത്താന്റെ മോൻ കുഞ്ഞോൻ മോഹൻലാലിന്റെ സിനിമാക്കഥ പറഞ്ഞുതരും. കുഞ്ഞോന് സ്നേഹായോണ്ട് വൈന്നേരം വരെ കഥപറയും. ചെക്കൻ കേട്ടിരിക്കും.കണ്ട സിനിമ തീരുമ്പോ കുഞ്ഞോൻ മോഹൻലാലിൻറെ പുതിയ സിനിമകൾക്ക് കഥയെഴുതും. കനാൽ ഗ്രൗണ്ടിൽ ഷാഹിൻഷന്റെ മടീലിരുന്നും കഥ കേട്ടിട്ടുണ്ട്. എസ്റ്റേറ്റിന്റെ നിശ്ചലമായ, പേടിപ്പിക്കുന്നൊരു നിശബ്ദതയിൽ കഥകളിലൂടെ വളർന്നൊരു ജിജ്ഞാസ. ഇനിയും ഇനിയും അറിയാനുള്ള, രൂപപ്പെട്ട ഒരു ശീലം. ആടും പോത്തും മേച്ചു നടന്ന, എസ്റ്റേസ്റ്റേറ്റിലും കാട്ടിലും മേച്ചു നടന്ന അലസന്മാരുടെ  പരമ്പരയുടെ നേർത്ത ഒരു തുടർച്ചയാവാം.അത്താനെപ്പോലെ ഒരു വർക്കിങ് ക്ലാസ് യാത്രികന്റെ ജീവിതം രൂപപ്പെട്ട അലച്ചിലുകളുടെ ബാക്കിയും കാണും.പൂർവികർ പൂർത്തിയാക്കാത്ത അന്വേഷണത്തിന്റെ തുടർച്ചയാണ് സ്വത്വം. കാട്ടിൽ ദിവസക്കൂലിക്ക് വേണ്ടി ആയുസു കൾ മുഴുവൻ നീണ്ട മരങ്ങളുടെ ഒത്ത കൊമ്പ് മുറിച്ച,പലനാട്ടിൽ ആടിനെ മെച്ച, ഓട്ടോയോടിച്ച, താരതമ്യേന അലസവും അതൃപ്തവുമായ ജീവിതങ്ങൾ കഴിയുന്നതുപോലെ അന്തസായി ജീവിച്ച  കുറേ മനുഷ്യരുടെ അപൂർണമായ കൗതുകങ്ങളുടെ കൂട്ടഞെരുക്കം. കട്ടിമഴയുടെ കുത്തുന്ന ചെളിച്ചൂരുള്ള തണുപ്പ് തലയിലൂടെ കുത്തിയൊലിച്ചൊഴുകും ഓരോ മഴയിലും.ആ തണുപ്പ് ഉള്ളിൽക്കൊണ്ടു നടന്നാണ് ഞാൻ 'മനുഷ്യന് ' പുറത്തേകാലോചിച്ചത്. എന്റെ പരമ്പര അപ്രസക്തമാവുന്നതുപോലെ,അപ്രസക്തരാവുന്ന ഓരോ മനുഷ്യനെയും വരച്ചിടണം. കഥകൾക്ക് മനുഷ്യരുടെ മണമില്ലെങ്കിൽ കഥകൊണ്ട് കാര്യമില്ലാതാവും.

Sunday, June 6, 2021

Titleless

 I am afraid of growing up . 

വളർന്നു വലുതായിപ്പോവുന്ന പ്രതിഭാസമെന്നാൽ ഓർമകളെ ഇല്ലാതാക്കലാണ്.വെറും ഇമേജുകളല്ല, മറവിയിൽ എനിക്ക് നഷ്ടപ്പെടുന്നത്. ഞാൻ കുട്ടിയായിരുന്നപ്പഴോ,അല്ലെങ്കിൽ ഇതിനേക്കാൾ പ്രായം കുറഞ്ഞിരുന്നപ്പോൾ ഉണ്ടായിരുന്ന ആ raw ആയ കാഴ്ചകളാണ്.  എന്നമ്മ ബാത്‌റൂമിൽ ഒരു മനുഷ്യനുമറിയാതെ മരിച്ചുപോയത് എന്തിനാണെന്നെനിക്ക് മനസിലായിട്ടില്ല. ആട്ടിന്കൂട്ടിലെ കയറെടുത്ത് മുറ്റത്ത് കൂട്ടിപ്പിണച്ചിട്ട് , മിറ്റത്തുണ്ടായിരുന്ന ചുവപ്പു പേരക്കയുള്ള ചെറിയ പേരയിൽ വലിഞ്ഞുകയറി ഉറുമ്പ് കടിച്ച് താഴെത്തല്ലി വീണു മോങ്ങി, വീണ്ടും ഊർജം വീണ്ടെടുത്ത് വെള്ളപ്പേരക്കയുള്ള പേരയിൽ കല്ലെടുത്തെറിഞ്,  അയൽക്കാരെക്കൊണ്ട് പറയിപ്പിച്ച് ,  എന്നമ്മാന്റെ പഴയ റേഡിയോ കുത്തിപ്പൊളിച്ച് കാന്തം പുറത്തെടുത്ത്, വീടിനു പിറകിലെ വാഴത്തോട്ടത്തിൽ ഉരുണ്ടുപിടഞ്ഞു,പാള വലിചോടി, ഓലിയിൽ കുളിച്ച് ഞാനിങ്ങനെ മുല്ലയിൽ വീടിനെ കുരിപ്പ് കൊണ്ട് മൂടും. കാലിൽ മിഞ്ചിയും,മൂക്കിലൊരു കുഞ്ഞി മൂക്കുത്തിയും ഇട്ട എന്നമ്മ (ഉപ്പാന്റെ (അത്താന്റെ ) ഉമ്മ ) കോലായിൽ കാലുനീട്ടിയിരുന്നു, വെറ്റിലയിൽ ചുണ്ണാമ്പ് പെരട്ടി പഴയ നൈറ്റിയിൽ തൊടച്ച് എന്നെ മഴപെയ്യുന്നതുപോലെ താളത്തിൽ ആട്ടും. 

മലയാളവും തമിഴും കലർന്ന ഏതോ ഒരു മൊഴിയിലെ മനോഹരമായ ചീത്ത കേട്ട്, വ്യപ്രിതമായിരിക്കുന്ന പോക്രിത്തരത്തിന്റെ ഹരത്തിൽ ഞാനിങ്ങനെ വീടിനു ചുറ്റും ട്രിപ്പിൽ  ഒഴുകി നടക്കും.സിയാ ചെച്ച ഗൾഫിൽ നിന്നയച്ച കത്തൊരഞ്ചാറു തവണ വായിക്കും. അമലു ആന്റിന്റെ പിന്നാലെ നടക്കും  കഥ പറയിക്കും. റാദത്താന്റെ ലൈറ്റ് കത്തുന്ന വാച്ചെടുത്ത് കെട്ടി വീടിനു ചുറ്റുമൊടും.    കാര്യമ്പാടിയിലെ കുട്ടിക്കാലം അപൂർണ്ണമാണ്‌. ആറാം വയസിൽ കാക്കാന്മാരുടെ നാട്ടിലേക്ക് മാറുമ്പോ, വേര് മെല്ലെയറ്റുപോവുകയാണ്. ചിലപ്പോൾ മതത്തിനും, ചുറ്റി നിന്ന എല്ലാത്തിന്റെയും പുറത്തേക്ക് വളരണമെന്ന വാശി രൂപപ്പെട്ടതെങ്ങനെയാവും. 

രണ്ടു മാസം മുൻപ് ഇക്കാക്കാന്റെ വീടു പൊളിച്ചുകൊണ്ടിരിക്കുംവോൾ, ഞാനോർത്തു,  ഈ വീടിനൊപ്പം മരിക്കുന്നത് ഇതിനുള്ളിലും പുറത്തുമായി തിങ്ങിനിന്നിരുന്ന ജീവിതത്തിന്റെ ചിത്രങ്ങളാണ്. 


കമ്പളക്കാട് ജുമാ മസ്ജിദ് പൊളിച്ചുകൊണ്ടിക്കുമ്പോൾ, പശ്ചാത്തലത്തിൽ തൊണ്ട പൊട്ടിയ ബാങ്കൊരു അകാരണമായ നഷ്ടബോധം പേറി. അവിടെ വലിയ പള്ളി പൊങ്ങി. ഇക്കാക്കാന്റെ വീടിന്റെ കട്ടകൾ വീഴുമ്പോൾ, കമ്പളക്കാട് പള്ളിയിലെ ഹൌലിന്റെ തണുപ്പ് മാത്രമേ എന്നെ തൊട്ട് നിൽക്കുന്നുള്ളൂ., ഉപ്പൂറ്റി  ശുദ്ധീകരിച്ചിരുന്ന കരിങ്കല്ലിന്റെ ഉരവും. 

എന്നമ്മ ജീവ്ച്ചിരുന്ന സമയത്ത് ഞാൻ പലപ്പോഴും അവരെ വെറുത്തു. പലപ്പോഴും ഞാനവരെ സ്നേഹിച്ചു.  വീട്ടിൽ നിക്കാൻ വന്നിട്ട്, കാലു വേദന നീട്ടിയിരുന്നു ഉമ്മച്ചിക്കൊപ്പം അടക്ക പൊളിക്കുമ്പോ ഞാൻ എന്നമ്മാക്ക് കടുപ്പത്തിൽ കട്ടനിട്ടുകൊടുക്കും. എന്നെ എത്ര മാത്രം എന്നമ്മ ഇഷ്ടപ്പെട്ടിരുന്നെന്നു വായിക്കാൻ കഴിയുന്നതിനു,  അതിനുള്ള ബോധത്തിലേക്ക് പാകപ്പെടുന്നതിനു മുൻപ് എന്നമ്മ മരിച്ചു പോയി. ഇപ്പോൾ, എന്നമ്മയുടെ വാക്കുകൾ മറന്നു പോയിട്ടുണ്ട്. അവരുടെ തമിഴ് മലയാളത്തിന്റെ ഉയർച്ച താഴ്ചകളും,  ഒഴുക്കുമെല്ലാം ഒരറ്റത്തുനിന്നു അപൂര്ണമായിത്തുടങ്ങുന്നുണ്ട്. സഞ്ചാരികളുടെ തലമുറ തലമുറകളിലേക്ക്  ഊളിയിടാൻ തൊന്നും. പക്ഷെ, ഞാനുപേക്ഷിച്ചു നടക്കേണ്ടവനാണെന്ന നിസ്സഹായതയിലേക്കെത്താൻ വേണ്ടി വേരുകളിലേക്ക് നടക്കുന്ന പാഴ്ശ്രമമാണത്.  വേരുകളിലേക് മടങ്ങുന്നവർക്ക് തിരിച്ചു പോരാൻ കഴിയില്ലെന്ന് തൊന്നും.  എന്നെപ്പോലെ ഗതി കിട്ടാത്ത ജിപ്സികളിനിയുമുണ്ടാവും. പക്ഷെ,അര്ഥഅന്വേഷികളെന്നെതേടേണ്ടതില്ല. വളരെ മെല്ലെയുള്ള അനക്കങ്ങളിൽ.  തീവ്രതയിൽ ഉപേക്ഷിച്ചുപേക്ഷിച്ച്, മെല്ലെയൊരു പറ്റത്തിനൊപ്പം വിട്ടുപോയിക്കൊണ്ടേയിരിക്കുന്ന സ്ഥലകാലാനുഭവം. ഒരു പതറിയ തക്ബീർ,എന്നമ്മാന്റെ വായിലരഞ്ഞ വെറ്റിലയുടെ കുത്തുന്ന ചൂര്, ഒരു കൂട്ടം കരുത്തുള്ള  കുട്ടികളുടെ ആക്രോശം,മഴയുടെ പശ്ചാത്തലത്തിൽ ഖുർആൻ ഓതുന്ന രണ്ട് മെലിഞ്ഞ രൂപങ്ങൾ. 

മറവിയുടെ ഡിക്ടറ്റർഷിപ്.

Sunday, December 20, 2020

പുരോഗമന സിനിമയുടെ വായിക്കാപ്പുറങ്ങൾ


---------------------
മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ മാനസികാവളർച്ചയെയും പുരോഗമന ചിന്തയെയും അതെ കാലയിടത്തിലെ കലാ വ്യവഹാരവുമായി ബന്ധപ്പെടുത്തി വായിച്ചെടുക്കാൻ കഴിയും. പാരമ്പര്യമായി കൈമാറിപ്പോന്ന ജാതീയമായ വിഭജനങ്ങളാൽ നിർമിക്കപ്പെട്ട നമ്മുടെ സാമൂഹികത എത്രത്തോളം പുരോഗമന ചിന്തയെ ഉത്പാദിപ്പിക്കുന്നു എന്നും, താരതമ്യേന അധികാര കേന്ദ്രീകൃതമല്ലാത്ത ന്യൂനപക്ഷ സ്വത്വങ്ങളുടെ ജീവിത പരിസരങ്ങളോട് നമ്മുടെ കല എത്രത്തോളം ഐക്യപ്പെടുന്നു എന്നതും ഇതേ സാംസ്കാരിക പുരോഗതിയുടെ നേര്വായനയാണ്.
സമൂഹം നിലനിൽക്കുന്നതിന്റെ പ്രധാന ഘടകം ജാതി ആണെന്നത് യാഥാർഥ്യമായി കാണുമ്പോൾ തന്നെ പ്രത്യക്ഷമായ ജാതി ചിന്തകളെ നമ്മൾ പൊതുവ്യവഹാരങ്ങളിൽ നിന്നെത്ര സമർഥമായി മാറ്റി നിർത്തുതുന്നു എന്നൊരു ചോദ്യമുണ്ട്. പക്ഷെ ഒന്നുകൂടെ നോക്കിയാൽ പ്രത്യക്ഷത്തിൽ നമ്മൾ അയിത്തം കൽപ്പിക്കുന്ന ഇതേ ജാതി പരോക്ഷമായി നമ്മളിൽ പ്രവർത്തിക്കുന്നതിനെ നമ്മൾ മനസ്സിലാക്കുന്നുണ്ടോ എന്ന ചോദ്യമായി അത് പരിണമിക്കുന്നത് കാണാം.
ഇവിടെത്തന്നെ നിങ്ങളൊക്കെ സർട്ടിഫിക്കറ്റിൽ നോക്കുമ്പോൾ മാത്രം വെളിപാട് വരുന്ന 'ഏലിയൻ ' ആണെന്ന് സ്ഥാപിക്കാൻ നോക്കുന്ന ജാതി, നിങ്ങളുടെ തന്നെ സ്വപ്നങ്ങളിലെ ജാതിയില്ലാ കേരളത്തിന്റെ സാംസ്കാരിക വ്യവഹാരങ്ങളിൽ എത്രയാഴത്തിൽ വേരുപിടിച്ച ഒന്നാണെന്ന് ഒന്നാലോചിച്ചു നോക്കാം.

ജാതീയയതയുടെ വായനക്കായി ഉപയോഗപ്പെടുത്താൻ കഴിയുന്ന മാധ്യമമാണ് സിനിമ . മുഖ്യധാരാ കച്ചവട/പോപ്പുലർ സിനിമകളെ മലയാളിയുടെ പൊതുബോധമായി കണക്കാക്കാമെങ്കിൽ, വളരെ റാന്റം ആയി മനസിലേക്ക് വരുന്ന പോപ്പുലർ സിനിമകൾ എടുക്കണമെങ്കിൽ നമ്മുടെ കച്ചവട സിനിമകളുടെ വിനോദമൂല്യം ഉണ്ടാവുന്നത് തന്നെ ഇത്തരം സിനിമകളിൽ കടന്നു വരുന്ന അമിതമായ ജാതി ഗ്ലോറിഫിക്കേഷൻ /നോർമലൈസേഷൻ കൊണ്ട് കൂടിയായിരുന്നു, ആണ്.' ചന്ദ്രലേഖ'യിലെ 'അന്തസുള്ള നായരാവുന്ന അപ്പുക്കുട്ടനും ' 'പക വീട്ടാതിരിക്കാൻ താൻ വൈശ്യനോ ശൂദ്രനോ അല്ല, ക്ഷത്രിയനാണെന്നും വീമ്പു പറയുന്ന മന്നാഡിയാറും തുടങ്ങി ജാതീയമായ ഗ്ലോറിഫിക്കേഷൻ, നോർമലൈസേഷൻ മാത്രമായി നിൽക്കാതെ ഇത്തരം സിനിമകൾ പൊതുവെ ദളിത് -മുസ്ലിം -സ്ത്രീ സ്വത്വങ്ങളെ അപരവൽക്കരിക്കുന്നതായും കാണാം. അതുകൊണ്ട് തന്നെ ഇതുവരെ നമ്മുടെ സിനിമാ സംസ്കാരം ദളിതനെ 'സാധാരണ മാന്വഷ്യനായി ' കണക്കാക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന അന്വേഷണം തന്നെ മലർന്നു കിടന്നു തുപ്പലാണ്.

കച്ചവട സിനിമയുടെ വിപണി അധിഷ്ഠിത ബോധത്തിൽ കറുത്തവനും ക്രിമിനലുമായി ദളിത് സ്വത്വം ഇക്കാലമത്രയും അനീതി നേരിട്ടു. ആരെയും ചിരിപ്പിക്കാൻ പോന്ന വിരൂപനും കോമാളിയുമായി വിലകുറഞ്ഞ ജാതിയാധിക്ഷേപ സിനിമകളിൽ മാത്രമായി ദളിത് എന്ന സാംസ്കാരിക സ്വത്വം ഒതുങ്ങി. അതെ സമയം തന്നെ ഇതേ ജാതീയമായ പ്രിവിലേജിന്റെ സാമൂഹികാധികാരത്തിന്റെ ധാർഷ്ട്യത്തിൽ ഇവിടുത്തെ മതേതര കലാസ്നേഹി പൊതുബോധം ഉച്ചക്കഞ്ഞിക്കായി സ്കൂളിൽ പോവേണ്ടി വരുന്ന മേല്ജാതിക്കാരന്റെ ക്ഷയിച്ച ഇല്ലങ്ങൾക്കുള്ളിലെ ദരിദ്ര ജീവിതങ്ങളെ നോക്കി വിങ്ങിപ്പൊട്ടി. എന്നാൽ ജാതീയമായ അധികാരത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക ഘടനയിൽ ദരിദ്രനായ ബ്രാഹ്മണന്റെ സാമൂഹികാധികാരവും, അദൃശ്യനായി തുടരുന്ന ദളിതന്റെ നിലനിൽപ്പിന്റെ ആശങ്കയും ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, അവരുടെ സാമൂഹിക പങ്കാളിത്തത്തിലേക്കുള്ള കച്ചിത്തുരുമ്പായ സംവരണത്തെ പോലും കലയെ കൂട്ടുപിടിച്ചുകൊണ്ട് ചോദ്യം ചെയ്യുകയും, ഇതിന്മേൽ നിരന്തരമായ സംഘടിത ബോധങ്ങളുമുണ്ടാക്കി. പിൽക്കാലത് ഇവിടുത്തെ സവര്ണപൊതുബോധം തന്നെ അതിലെ പത്തു ശതമാനം ഇത്തരത്തിൽ ഭരണഘടനയുടെ നൈതികബോധത്തെ തന്നെ പിന്തള്ളി എത്തരത്തിൽ തരപ്പെടുത്തി എന്നത് നമ്മെ ചോദ്യം ചെയ്യുന്ന ചരിത്രം.

ആ ചരിത്രത്തിന്റെ അനീതിയുടെ സ്പെയ്സിൽ നിസഹായരായി ഇരുന്നുകൊണ്ട് തന്നെയാണ് മലയാളിയുടെ കപട പുരോഗമന സാമൂഹിക ബോധത്തെയും കലയെയും നമുക്ക് നിരന്തരം ചോദ്യം ചെയ്യേണ്ടി വരുന്നത്. നമ്മുടെ സകല ചിന്തകളിലും എത്രത്തോളം സൂക്ഷ്മമായി പ്രവർത്തിക്കുന്ന ഒന്നാണ് ജാതി എന്നത്, ഇതേ സിനിമകൾ വീണ്ടും ഇവിടുത്തെ സവർണ പൊതുബോധത്തിന്റെ അധികാരക്കൈകളിലേക്ക് വെച്ചുനീട്ടപ്പെടുന്ന വടികളാണെന്ന ചിന്തയുണ്ടാവുന്നത്.

രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമ അത്തരത്തിലൊരു 'ലക്ഷണമൊത്ത' psuedo progressive സിനിമയായി കണക്കാക്കാം. ദളിതൻ അനുഭവിക്കുന്ന ജാതീയമായ അസമത്വങ്ങളെ അഡ്രെസ്സ് ചെയ്യുന്നെന്ന ലിബറൽ യുക്തിയിലൂടെ സഞ്ചരിക്കുന്ന കമ്മട്ടിപ്പാടത്തിന്റെ നിലപാട് അടിമുടി ദളിത് വിരുദ്ധമാണ്.
ഗംഗന്റെയും ബാലന്റെയും ജീവിതങ്ങളെ സംവിധായകൻ കാണുന്ന്നത് സവര്ണനായ കൃഷ്ണന്റെയും മറ്റു വരേണ്യ കഥാപാത്രങ്ങളിലൂടെയാണ്. അതായത് ദളിതന്റെ ചരിത്രം വായിക്കുന്നതും, ശെരി തെറ്റുകൾ അടയാളപ്പെടുത്തുന്നതും ആത്യന്തികമായി സവര്ണനറെ അധികാരമാണെന്നാണ് കമ്മട്ടിപ്പാടത്തിന്റെ നീതിബോധം. അവിടെ ദളിത് എന്ന സ്വത്വത്തിന്റെ, തന്റെ ചരിത്രത്തിനും ജീവിതത്തിനും മേലുള്ള അവകാശം സംവിധായകനാൽ തന്നെ നിഷേധിക്കപ്പെടുന്നു. അയാളുടെ സ്വത്വപരമായ അന്വേഷണത്തിന്റെ അനിവാര്യത നിർബാധം റദ്ദ് ചെയ്യപ്പെടുന്നു. ദളിതന്റെ പെയിൻ സവർണ്ണൻ ഏറ്റെടുക്കുന്നു. അവന്റെ പ്രതികാരം നിറവേറ്റുന്നത് സവർണന്റെ ഔദാര്യമായി സ്ഥാപിക്കപ്പെടുന്നു. ചുരുക്കത്തിൽ കമ്മട്ടിപ്പാടം എന്ന സിനിമ മുന്നോട്ട് വെക്കുന്ന നൈതിക ബോധത്തിൽ, ലോകത്തിൽ ദളിതൻ എന്ന സ്വത്വമുണ്ട്-അയാളുടെ സ്‌പെയ്‌സ് ഇല്ല. ശരീരമുണ്ട് -ശബ്ദമില്ല.

കറുത്തവനും ചിരിക്കാനുമുള്ള വകയായി മലയാള സിനിമയുടെ മാടമ്പി തറവാടകങ്ങളിൽ 'ശൊല്ലുങ്ക യെശമാ "എന്ന് വിധേയത്വം കാണിക്കുന്ന അപല ജന്മ കാഴ്ചപ്പാടുകളിൽ നിന്നും മലയാളിയുടെ പൊതു ചിന്തയിലേക്ക് ദളിത് സ്വത്വം പുരോഗമിച്ചത് ഈയര്ഥത്തിലാണ്.

നമ്മുടെ കലയും, പുരോഗമനവും ഇപ്പോഴും ഇതേ ജാതീയമായ കള്ളികൾക്കുള്ളിലും മറ്റു സ്വത്വങ്ങൾ ഇപ്പോഴും പുറത്തുമാണ്. ഇവിടെയിറങ്ങി ലാഭമുണ്ടാക്കുന്ന മിക്ക ന്യൂനപക്ഷ സിനിമകളും ഇതേ സ്യൂഡോ പ്രോഗ്രസ്സിവ് സവർണ നോട്ടത്തിൽ നിന്നുണ്ടായവയാണ്, നമ്മുടെ സാംസ്കാരിക വ്യാപാരങ്ങളിൽ വേരുപിടിച്ച കളയാണ്. അതായത്, കുറേക്കാലം ഇവരുടെ ജീവിതത്തെയും, പെയിനിനെയും നിരത്തേയും പറ്റി വംശീയ തമാശകളുണ്ടാക്കി ലാഭമിണ്ടാക്കിയ ഇവിടുത്തെ മാടമ്പി തമ്പ്രാക്കന്മാർ പറയുകയാണ്, " അട മോനെ, നമ്മൾ ലേശം പുരോഗമിച്ചിട്ടുണ്ട്, ഇയ്യ് ഞങ്ങൾ കരുതുമ്പോലെ അത്രക്ക് മോശമല്ല, ഞങ്ങടെ മാടമ്പി തറവാട് സിനിമാ വിപണിയിൽ നിന്റെ കഥ പറയാൻ നമുക്ക് കുറച് പുരോഗണന സവർണരെ കിട്ടിയിട്ടുണ്ട്" എന്ന് !!
എങ്ങനെ സൂർത്തുക്കളെ, മെസ്സല്ലേ നമ്മൾ???

ഇവിടുത്തെ ഒരു പ്രമുഖൻ മൂവി സ്ട്രീറ്റിൽ ഏറിവരുന്ന ജാതി വിശകലനത്തിൽ അദ്ദേഹത്തിനുണ്ടായ മാനസിക വൈഷമ്യത്തെപ്രതി ട്രോൾ മുഖേന പ്രതികരിക്കുകയുണ്ടായി, ' തിരക്കഥയിലെ ഗ്ലോറിഫിക്കേഷൻ വരുന്ന ഭാഗം ചുവന്ന വരയിടാനാണ് ' ആവശ്യം.
പക്ഷെ കാലങ്ങളായി ഞാനും നിങ്ങളുമടങ്ങുന്ന ബുധിജീവിപക്ഷം ഇവിടുത്തെ പവർലെസ്സ് ജീവിതങ്ങൾക്കുമേൽ വരച്ചിട്ടുള്ള ചുവന്ന വരകളെ കട്ടികൂട്ടാൻ കലയെ വീണ്ടുംവീണ്ടുമുപയോഗിക്കുമ്പോൾ, കലക് വിനോദമല്ലാതെ മറ്റൊരു ധാർമികത ഇല്ലാതാക്കപ്പെടുമ്പോൾ ചിലരെങ്കിലും നിങ്ങൾ ഡിഫൈൻ ചെയ്യന്ന ജാതി വെറിയൻമാരായില്ലെങ്കിൽ നമ്മുടെ ഏകപക്ഷീയമായ സിനിമാ ഉദ്ധാരണങ്ങൾ കൊണ്ടൊക്കെ എന്ത് കാര്യം?
നിങ്ങളുടെ പ്രിവിലേജിന്റെ മട്ടുപ്പാവിൽ നിന്നു ലോകത്തെ നോക്കുമ്പോൾ ജാതി സർട്ടിഫിക്കട്ടിലെ മാത്രം വ്യവഹാരമായിരിക്കും. മറ്റുള്ളവർക്കും അങ്ങനെയാകുമെന്നു നിങ്ങൾ തീരുമാനിക്കുന്നത്ര ആശയ പാപ്പരത്തം വേറെയുണ്ടോ?,
വീണ്ടും പറയാം,അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയും,ഞാനൊരു പുലയനാണ്, താളം എന്റെ രക്തത്തിലുള്ളതാണെന്നു പ്രഖ്യാപിക്കുന്ന വിനായകനും എനിക്കൊരുപോലെ അല്ല . !!
--------------------------
(ഇവിടുത്തെ പ്രിയദർശൻ ഫാൻസ്‌ തല്ലിക്കൊന്നില്ലെങ്കിൽ മറ്റൊരു സിനിമയുമായി തുടരാം ) 

നീനുവിന്റെ സുന്ദരി

Neenu is a peoples soul. വീടുവെച്ചു മാറിയിട് രണ്ടുവര്ഷമാവുമ്പോഴും ഞാനീ നാട്ടുകാരനായിട്ടില്ല. ഞാനൊരു നാട്ടുകാരനും അല്ല. പ്രാദേശിക സ്വത്വം എനിക്കില്ല. പ്രാദേശികതയുടെ പാറ്റേണുകളിലേക്ക് പരുവപ്പെടാനുള്ള ഫ്ലെക്സിബിലിറ്റിയുണ്ടാക്കിയെടുക്കാൻ നോക്കിയിട്ടുണ്ടെങ്കിലും എപ്പോഴും എന്തോ ഒന്ന് പുറത്തേക്ക് മുഴച്ചു നിന്നു. അങ്ങനെ നാട്ടുകാരും നാട്ടിലെ കൂട്ടുകാരുമില്ലാതെ ഞാനൊരു പാതിവെന്ത (അ )സാമൂഹിക ജീവിയായി കാലം കഴിക്കവേയാണ് ടപ്പേ ന്നു നീനു ഉണ്ടാവുന്നത്. ഈ ടപ്പേ ഏകദേശം ഒരു അഞ്ചുകൊല്ലം മുന്നെയാണ്. നീനുവിനെ ആദ്യമായിട്ട് കണ്ടപ്പോ അതെന്റെ സ്വന്തം കുഞ്ഞായിട്ട് തോന്നി. ഇടക്ക് അവൾ മകളും ഞാനപ്പനും ചിലപ്പോൾ അവളെന്റെ തള്ളയും ഞാനവളുടെ മോനുമായി. മറ്റു ചിലപ്പോ ഞങ്ങൾ രൂക്ഷമായി തല്ലുകൂടി. ഈ അഞ്ചാറു വർഷങ്ങളിൽ ഞാൻ കൺസിസ്റ്റന്റ് ആയി കൺസെൻഡ്‌ ആയിരുന്ന ഒരേയൊരു കാര്യം ഈ ശ്രീമതിയുടെ വളർച്ചയാണ്.
One happy happy soul. One happy talker soul.
She travels the world around her like a butterfly and she's free .

നീനു എന്റെ പാത്രത്തിൽ കയ്യിട്ടു നെയ്പത്തിരി വാരിതിന്നിട്ട് തണുത്തുറഞ്ഞു നനഞു കിടക്കുന്ന വഴിയിലൂടെ ജോഷിച്ചേട്ടന്റെ വീട്ടിലേക്ക് കുത്തനെയോടി. പിന്നെ വരുന്നത് സുന്ദരിയെയും കൊണ്ടാണ്. സുന്ദരി ജോഷിച്ചേട്ടന്റെ വീട്ടിലെ തള്ളപ്പശുവിന്റെ ഒറ്റമോളാണ്. ആരും സുന്ദരി എന്ന് അറിയാതെ പേരിട്ടുപോവുന്ന ഒരു ക്യൂട്ട് ഗോമാതാ ആണ്‌ ശ്രീമതി സുന്ദരി. നീനുവിന്റെ കൂടെ വളരെ അനുസരണയോടെ സുന്ദരി ചെറുപുല്ലുകളൊക്കെ അകത്താക്കി മെല്ലെ നടക്കുന്നു. നീനു വളരെ സീരിയസ് ആയ സ്വകാര്യങ്ങൾ ഏതാണ്ടൊക്കെ സുന്ദരിയോട് പറയുന്നുണ്ടെങ്കിലും തല്ക്കാലം ബ്രെക്ഫാസ്റ്റിലായിരുന്നു സുന്ദരിയുടെ ശ്രദ്ധ. തോട്ടത്തിൽ വെയിൽ വീണുതുടങ്ങുന്നേയുള്ളു. ഡിസംബർ രാവിലെകളിൽ തോട്ടം തണുപ് പൊതിയും. രാവിലെ വെയിൽ വീണിടങ്ങളിലൂടെ ചൂടും തണുപ്പും മാറിക്കൊണ്ട് നടക്കാൻ നല്ല രസാണ്. സുന്ദരിയെ തള്ളയുടെ അടുത് കെട്ടി ജോഷിച്ചേട്ടൻ നടന്നു പോവുമ്പോ നീനു സുന്ദരിയോട് എന്തോ രഹസ്യം പറഞ്ഞു. സുന്ദരി ഒരു പടലം പുല്ല് വേരോടെ പിഴുതു അകത്താക്കുന്നതിനിടയിൽ തലയാട്ടുന്നതുപോലെ എന്തോ മുരണ്ടു. ഉച്ചക്ക് വരാമെന്നു വാക്കുകൊടുത് നീനു തോട്ടം ചാടിയോടി ഇറങ്ങി .

നസീർ



(സ്പോയ്ലർ അലർട്ട് )
----------
നസീറിലെ തമിഴ്നാടാണ് ഞാൻ അനുഭവിച്ച തമിഴ്‌നാടൊക്കെയും. അപൂർണമായ കുഞ്ഞി ബിൽഡിങ്ങുകളും,ആ പ്രദേശത്തിന്റെ ഉള്ളുലകളെ തമ്മിലിടകോർക്കുന്ന രക്തക്കുഴലുകൾ പോലുള്ള കലുങ്കുകളും, ചന്തകളും തിരക്കുകളും,ചൂടുള്ള പല ഭക്ഷണങ്ങളും, റോഡിൽ വീണ് വാടിയ പൂക്കളും, കുടഞ്ഞെറിഞ്ഞുപോലെ കൂട്ടിയിടിച്ച ചിതറിയ നിറങ്ങളും, നസീറിനെ പോലെ മൂകമായി, ചെറിയ സ്‌പേസുകളിലൂടെ മെല്ലെ നടന്നുപോവുന്ന മനുഷ്യരും. നസീർ എഴുതുന്ന കവിതകൾ ആരോടാണ് സംവദിക്കുന്നതെന്നാണ് ഞാൻ ആലോചിച്ചത്. പ്രായത്തിന്റെ, അയാളുടെ ജീവിതത്തെ പറ്റിയുള്ള ആശങ്കയിൽ നിന്നയാൾ സ്വരൂപിക്കുന്ന ചിത്രമാണ് അയാളുടെ വീക്ഷണവും കവിതയും. തന്റെ യാഥാർഥ്യങ്ങളെ മനോഹരമായി കാല്പനികവൽക്കരിക്കുന്ന നസീറിന് പക്ഷെ അവസാനത്തിൽ തനിക്ക് നേരെ അലറിയോടിവരുന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിലയാളത്തിനു തയ്യാറല്ല. കവിത യും വിഷാദവും തീവ്രമായ പ്രണയവും നസീറിനെ അടർത്തിമാറ്റി, അല്ലെങ്കിൽ തന്റെ സാഹചര്യങ്ങളെ അതിന്റെ പരിപൂർണ സൗന്ദര്യത്തോടെ നസീർ കവിതകളാക്കി. കവിത നസീറിനെ അയാളുടെ എല്ലാ വിഷമതകളിലൂടെയും മുന്നോട്ട് നയിക്കുന്നത് കാണാം, നസീർ ഓരത്തുകൂടെ നടന്നു പോവുന്ന ഒരു സാധാരണ മുസ്ലിം ആണ്‌. എന്നാൽ തന്റെ ചുറ്റുപാടിന്റെ യാഥാർഥ്യങ്ങളിൽ വേരുപിടിച്ചിട്ടുള്ള ഹിന്ദുത്വ എന്ന വരണ്ട മനുഷ്യവിരുദ്ധ ആൾകൂട്ടം നസീറിനെ എന്തുകൊണ്ട് ബാധിച്ചില്ലെന്നതാണ് ഈ പടം എന്നെ വല്ലാതെ ഹോണ്ട് ചെയുന്നത്. അയാളുടെ കവിതയിലും ജീവിതത്തിലും ഉള്ള സ്ഥായീഭാവമാണ് നിസ്സഹായത, അതുണ്ടാക്കുന്ന സൈലൻസ് അയാളെയാകെ പൊതിഞ്ഞിരിക്കുന്നതുപോലെയുണ്ട്. അയാളത്തിനോട് ഒത്തുപോവുകയോ, പ്രതികരിക്കുകയോ ചെയ്യുകയല്ല, മാറി രാത്രിയിലെ മഞ്ഞ വെളിച്ചങ്ങൾക്കിടയിലൂടെ വഴിമാറി നടന്നുപോവുകയാണ്. നസീർ സമകാലീന സാമൂഹികവ്യവസ്ഥയുടെ ഒരു കഷ്ണം ദൃശ്യമാണ്, തുടക്കം മുതലേ സിനിമയിൽ സൂക്ഷ്മമായി, മനോഹരമായ നിറങ്ങൾ കൊണ്ടാണ് ഓരോ 4:3 ഫ്രയിമും കംപോസ് ചെയ്തിരിക്കുന്നത്. തമിഴരുടെ നിറത്തോടുള്ള അഭിനിവേശവും,ആൾകൂട്ടം മെല്ലെയൊഴുകുന്ന ജിയോഗ്രഫിയുടെ സൗന്ദര്യവും ഒപ്പിയെടുത്തു നമ്മളെ നസീറിന്റെ ഒരു ദിവസത്തിലേക്ക് ഒരു തീവ്രമായ വാങ്കിന്റെ അകമ്പടിയോടെ വലിച്ചിടുകയാണ്. ബീഡി വലിക്കുകയും, നിസ്കരിക്കുകയും, കവിതയെഴുതുകയും മെചപ്പെട്ട ജീവിതത്തെപ്രതി സ്വപ്‌നം കാണുകയും ചെയ്യുന്ന, മറ്റാരെയും പോലെ ജീവിച്ചുപൊവുന്ന, ഈ മനുഷ്യനിൽ നിങ്ങൾ കാണുന്ന കുഴപ്പം എന്താണെന്ന നൈതികമായൊരു ചോദ്യം ഒരറ്റത്ത് നിന്നും മെല്ലെ തെളിഞ്ഞുവരുന്നുണ്ട് പോകെപ്പോകെ. നമ്മുടെ കാഴ്ചകളെയൊക്കെ തീവ്രമാക്കിയ നിറങ്ങളെ നസീറിന് നേരെ ആക്രോശിച്ചു വരുന്ന ആൾക്കൂട്ടം കുത്തിമറിച്ചിടുന്നുണ്ട്. അവസരമുണ്ടായിട്ടും, അപായത്തിനു ചെവികൊടുക്കാതെ, ഓടാൻ കൂട്ടാക്കാതെ, മണ്ണിൽ ചവിട്ടി ബീഡി വലിച്ചുകൊണ്ടു നടന്നുപോവുന്ന നസീർ അങ്ങനെയങ്ങവസാനിക്കുകയാണ്. വളരെ കുറച്ചുപേരിലൂടെ മാത്രം ഓർക്കപ്പെടാൻ പോവുന്ന, മനോഹരമായൊരു എക്‌സിസ്റ്റൻസ്.

വെള്ളാണ്ടിവിലാസിലെ റോഷ്‌നി




(കാലത്തോളം നാം അടിമപ്പെട്ടു പോവുന്ന ലഹരി വേറെയില്ല. അതുകൊണ്ടാണ് കാലങ്ങളിൽ നിന്നൊന്നും നമുക്ക് തിരിച്ചു കയറാൻ കഴിയാത്തത്.. )
.

.
എക്സ്ട്രാ ഡ്യൂട്ടി കിട്ടിയ വിഷമത്തിൽ താടിക്ക് കൈ കൊടുത്ത കുന്തിച്ചിരുന്ന രഘു സാറിന്റെ പുറത്തു തട്ടി, ഒരു ലോഡ് സഹതാപം ചൊരിഞ്, തോൾ ബാഗിട്ടു നേരെ സ്റ്റാഫ്‌റൂമിലേക്ക് കയറി. സാക്ഷാൽ പ്രിൻസിപ്പൽ ഇൻചാർജ് ജ്ഞാനസുന്ദരി മുഖത്തേക് നോക്കാതെ രജിസ്റ്റർ എടുത്ത് മുന്നിലേക് നീട്ടി.അടുത്തു തലയറ്റു കിടന്ന പേനയെടുത്ത് എന്റെ കോളത്തിലൊരു അലസനോപ്പ് കുത്തിവരഞ്ഞിട്ടു. ഒരു ദിവസത്തെ വിയർപ് കുടിച്ചു വീർത്ത സോക്സ്‌ വലിച്ചു കയറ്റി ക്യാന്വാസിന്റെ ലേസ് കൂട്ടിക്കെട്ടുമ്പോഴാണ് സാറെന്നു വിളിച് ആറാം ക്ലാസിലെയും ഒൻപതാം ക്‌ളാസ്സിലെയും പിള്ളേർ വരുന്നത് . ലോങ്‌ബെൽ കഴിഞ്ഞ് സായാഹ്ന ഒപ്പും ചാർത്തി പുറത്തിറങ്ങിക്കഴിഞ്ഞാൽ, പുറത്തു വരാന്തയിൽ കുട്ടികളോടൊപ്പമിരുന്നു സംസാരിക്കുന്നത് രസമാണ്...
മൂന്നര കഴിഞ്ഞും പേപ്പർ വർക്കുമായി മല്ലിടുന്ന രഘു സാറിനെ കാത്തു നില്കുന്നതൊക്കെ ചടങ്ങാണ്. ശ്വാസം മുട്ടിത്തുടങ്ങും..

"Sir, i have some unfinished things downstairs, see you in office" എന്ന് പറഞ്ഞ് മിനിറ്റ് സൂചി നാല്പത്തിന് കിഴുക്കുന്നതിനു മുൻപേ ഞാൻ സ്റ്റെപ്പുകൾ വ്യഗ്രതയോടെയിറങ്ങും.കൈപ്പൻ വേപ്പ് വേപ്മരത്തിന്റെ തണലിൽ, വരണ്ടയിലൊരു കോണിലിരുന്നു ഞാൻ മുന്നിലെ വിശാലമായ സ്കൂൾ ഗ്രൗണ്ടിലേക്കും, മതിലിനിപ്പുറം വരണ്ടു കിടക്കുന്ന തരിശു ഭൂമിയിലേക്കും നോക്കിയിരിക്കും. മങ്ങിയ നിറങ്ങളുടെ ലോകമാണിത്..
"എന്ന യോസിക്കിരിങ്ക സർ "

മനസിലൊരു കുഞ്ഞു ശബ്ദം വീണു പൊട്ടി.
യു കെ ജി യിലെ രോഷ്ണിയാണ്. മുഖത്തു ഞാനറിയാതെയൊരു ചിരി പടരും രോഷ്നിയെക്കണ്ടാൽ. രോഷ്‌നിയുടെ മുടിക്ക് അവളുടെ അതേ സ്വഭാവമാണ്. അനുസരണയില്ല. എത്ര ക്ലിപ്പിട്ടു കെട്ടിയാലും ഇടയിലൂടെ നൂഴ്ന്നിറങ്ങുന്ന ചെമ്പൻ മുടിയിഴകൾ അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾക് മുന്നിലൂടെ കാറ്റിനൊപ്പം പിടച്ചാടിക്കൊണ്ടിരിക്കും. ടീചെര്മാരുടെ കണ്ണിലെ കരടാണ് റോഷ്‌നി. വികൃതി, വാ തുറന്നാൽ നിർത്തില്ല, വാഴക്കാളി ശാഠ്യക്കാരി അധികപ്രസംഗി. ഇതാത്തയുടെ മകൾ നീനുവിനയാണ് അവളെ കാണുമ്പോൾ ഓര്മ വരിക. ഛോട്ടാ ഭീമിന്റെ പടമുള്ള വാട്ടർ ബോട്ടിൽ തൂക്കി, പകുതി സിബ്ബിട്ട വാ പിളർന്ന ബാഗ് തൂക്കി ഇളം ചിരിയുമായി റോഷ്‌നി എന്റെ അരികിൽ വന്നിരുന്നു.
"Nothing റോഷ്‌നി, ചുമ്മാ ഏതോ "
ഞാനൊഴുക്കൻ മട്ടിലൊരു മറുപടി കൊടുത്തു "ഉങ്ക ഗൈഡ് ബുക്ക് കൊഞ്ചം കാമിങ്കെ സർ, നീങ്കെ അതിലെ നിറയെ പിക്ചർ വരഞ്ഞിരിക്കേണ് കരിഷ്മാക്ക സൊന്നാര് "
ആവശ്യം എന്റെ ഡയറി കാണലാണ്...
കഴിഞ്ഞ ലീവിന് നാട്ടിൽ നിന്ന് പോരുമ്പോൾ വാങ്ങിച്ചതാണ്.
അതിൽ ഞാൻ പലതും കുത്തിവരഞ്ഞു വെക്കാറുണ്ട്..
യുകെജി ക്‌ളാസ്സിലെ ബഹളത്തിനിടയിലൂടെ കമലേഷും കരിഷ്മയും വൈഷ്ണവിയും ആദിയും എന്നെ സങ്കടത്തോടെ പാളി നോക്കി. സ്കൂൾ ബസ് വരുന്ന വരെ ചെയ്യാൻ കവിത മിസ് എന്തോ വർക്ക് കൊടുത്തതിനാൽ എന്നോട് സംസാരിക്കാൻ വരാൻ പറ്റാത്തതിന്റെ സങ്കടമാണ്. ഞാൻ ബാഗിൽ നിന്നും ഡയറിയെടുത്ത് അവൾക്ക് കൊടുത്തു.. ചമ്മ്രം പടിഞ്ഞിരുന്ന് ബുക്ക് മടിയിൽ വെച് ഓരോ താളും റോഷ്‌നി കൗതുകത്തോടെ മറിച്ചു. ഓരോ ചിത്രങ്ങൾക്കിടയിലും "ഇത് യാർ സർ ഇത് യെന്നെത് സർ, റൊമ്പ അളകാര്ക്ക് സർ "
എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നു കൊണ്ടേയിരുന്നു. രോഷ്‌നിക്ക് മാത്രമേ ഞാനത്രയും ക്ഷമയോടെ മറുപടി കൊടുക്കാറുള്ളു. രോഷ്‌നിയുടെ ഓരോ വാക്കിലും നോട്ടത്തിലും കുസൃതി ഒളിഞ്ഞിരിക്കും.ഇടപ്പാടിയിലെ വൈകുന്നേരത്തിരക്കിലൂടേ ബസിഴഞ്ഞ് നടക്കുമ്പോൾ രോഷ്‌നിയെന്നെ ഒളിഞ്ഞും തെളിഞ്ഞും കണ്ണുരുട്ടിയും നോക്കി പേടിപ്പിക്കും തോക്കെടുത്ത് എന്റെ നെഞ്ചിലേക് നിറയൊഴിക്കും, നായികയുടെ വെടിയേറ്റ വില്ലനെപ്പോലെ ഞാൻ നെഞ്ചിൽ കൈ വെച് സീറ്റിലേക് ചാഞ്ഞ് മരിച്ചതു പോലെ കിടക്കും. ബസിലെ പിള്ളേരുടെ തിരക്കുകൾക്കിടയിലൂടെ നീന്തി വന്നവൾ എന്റെ നെഞ്ചിൽ പതിയെ തൊട്ടു നോക്കി ഉണ്ടക്കണ്ണുരുട്ടി ചിരിക്കും.
"സാർ, നീങ്കെ നല്ലവേ നടിക്കിറീങ്കെ സർ "പെട്ടെന്നുയിർത്തെഴുന്നേറ്റ ഞാനവളെ നിറച്ചും ഇക്കിളിയിടും. ആർത്തു ചിരിച്ചു കൊണ്ട് മുന്നിലേക്കോടുന്ന അവളെ ഞാൻ വിരല്തൊക്ക് കൊണ്ട് നിറയൊഴിക്കും..

"വീട്ടിലെ പോണതുക്കപ്പറം എന്ന പന്നുവെന് റോഷ്‌നി "?
"നാന് യൂണിഫോം കൾട്ടിട്ട്, വേറെ ഡ്രെസ്സ് പൊട്ടിട്ട്, സാവിയെടുത്ത് റൂം പൂട്ടി, പാട്ടി വീട്ടിലെ പോയീ ചോട്ടാ ഭീം പാപ്പോം
"ആഹാ ഛോട്ടാ ഭീം എനക്കും പുടിക്കും "
"ഛോട്ടാ ഭീമെല്ലാം എന്ന മാതിരി ചിന്ന പസംഗ താ പാപ്പോം സർ .. ഒരീണത്തിൽ ..പാടിയാണ് റോഷിനി പറയുക....കേട്ടിരുന്നു പോവും.മണി കിലുങ്ങുന്നത് പോലെയാണവൾ ചിരിക്കുക. ബസ് ടൗണിൽ നിന്ന് തെറ്റിത്തിരിഞ്ഞ് ചർച്ചിലേക്കുള്ള ഇടുക്കു റോഡ് പിടിക്കും.റൂമിലേക്കുള്ള ഇടറോഡിൽ സഡ്ഡനിട്ടു ഡ്രൈവർ നിർത്തും.
"അപ്പൊ നാൻ കെളംബറെ റോഷ്‌നി, see you tomorrow" എന്ന് പറഞ്ഞ് ഞാൻ തോൾബാഗ് എടുത്തിടും."ഓക്കേ,സ്പോക്കൺ സാർ " എന്ന് പറഞ്ഞവൾ മറ്റു കുട്ടികളോട് തല്ലുപിടിച്ചു തുടങ്ങും " . കുട്ടികളോട് ബൈ പറഞ്ഞ് ഞാൻ ആ ദിവസത്തിന്റെ ഒടുക്കത്തിലേക് മടക്കമാരംഭിക്കും. സന്ധ്യയും രാത്രിയും ഊഴമിട്ടെത്തും. ഒരു ദിവസം എന്നെ പിരിഞ്ഞ് ഇരുട്ടിനോടൊപ്പം പോവും.ഇരുവഴങ്ങളിലും ഓടയുടെ മണം പരന്ന ചെറുവീടുകൾക്കുള്ളിലൂടെ സന്ധ്യയിലേക്കിറങ്ങുന്ന തോർത്ത് യന്ത്രങ്ങളുടെ ശബ്ദങ്ങൾക്കിടയിലൂടെ നീളൻ ഒറ്റകൈ ബാഗേന്തി ഞാൻ റൂമിലേക്ക്‌ നടക്കും. സലീഷ് എത്തിക്കാണും, വയസ്സൻ താത്ത അവനെ താടീ എന്ന് വിളിച്ചു പിറകെ കൂടിക്കാണും.. (റൂം ഓണറുടെ അച്ഛനായിരുന്നു താത്ത. ഞങ്ങൾ സേലം വിട്ടതിനു ശേഷം മരണപ്പെട്ടെന്നറിഞ്ഞു. ) സയാമീസ് ഇരട്ടകൾ രഞ്ജിത്തും ബേസിലും വരും.. പിന്നെ, ഡിസ്ക്കവറിൽ സോബിച്ചനെത്തും <3

Wednesday, October 7, 2020

sons of anarchy

                           SONS OF ANARCHY

❤️


"It’s hard not to hate.people,things,institutions.when they break your spirit and take pleasure in watching you bleed,hate,is the only feeling that makes sense. "
-JAX TELLER

പ്രെസിഡന്റിനെ അന്ധമായി വിശ്വസിക്കുന്ന ജാക്‌സിൽ നിന്നും , കാലിഫോർണിയയിലെ സാങ്കൽപ്പിക നഗരമായ ചാർമിങ്ങിനെ കൊലക്കളമാക്കിയ ജാക്സ് ടെല്ലറിലേക്കുള്ള ,SAMCRO ( സൺസ് ഓഫ് അനാർക്കി മോട്ടോർസൈക്കിൾ ക്ലബ് റെഡ്‌വുഡ് ഒറിജിനൽസ് ) പ്രസിഡന്റിന്റെ യാത്രകളുടെ ദുരന്ത കാവ്യമാണ് സൺസ് ഓഫ് അനാർക്കി.തന്നെ ചുറ്റി നിന്ന മനുഷ്യർ,തനിക്ക് മുന്നേ പോയവരൊക്കെ ചെയ്തുകൂട്ടിയതിന്റെ പങ്കുകാരൻ മാത്രമായി തന്റെ ഹാർലി ഡേവിഡ്‌സണിൽ ക്ലബ്ബിന്റെ ജാക്കറ്റും ധരിച്ച് ചാർമിങ്ങിനെ പ്രകമ്പനം കൊള്ളിച്ച് പാഞ്ഞു പോവുന്ന,തോക്കു കച്ചവടവും,മറ്റു ക്ലബ്ബ്കളോടുള്ള കുടിപ്പകയും ഒന്നും വകവെക്കാതെ അർമാദിച്ചു നടന്ന ജാക്സ് എന്ന ചെറുപ്പക്കാരനെ തേടി ഒരിക്കൽ അവന്റെ അച്ഛന്റെ ജീവിതം എത്തുകയാണ് . അയാൾ ജാക്സിനായെഴുതിയ ജേണലുകളിലൂടെ.ഒരു നല്ല ഉദ്ദേശത്തിന്റെ പേരിൽ തുടങ്ങിയ മോട്ടോർസൈക്കിൾ ക്ലബ്ബ് എങ്ങനെ വഴി മാറിപ്പോയെന്നും,അത്യഗ്രഹവും,പ്രതികാരവും ക്ലബ്ബിനെയും അതിനു ചുറ്റുമുള്ള മനുഷ്യരെയും എങ്ങനെയൊക്കെ സ്വാധീനിച്ചെന്നുമെല്ലാം ആധികാരികമായി എഴുതിയ ജാക്‌സിന്റെ അച്ഛൻ ജോണ് ടെല്ലറിന്റെ ചോരയുടെ മണമുള്ള എഴുത്തുകൾ .സൺസ് ഓഫ് അനാർക്കി എന്ന മോട്ടോർസൈക്കിൾ ക്ലബ്ബിന്റെ ഐഡിയോളജി അനാർക്കിസമാണ്.അരാജകവാദം. ലോകം മാറ്റി മറിക്കാൻ വെമ്പൽ കൊണ്ട ഒരു പറ്റം ബൈക്ക് പ്രാന്തന്മാർ ജീവൻ കൊടുത്ത ഒരു ജീവിതരീതിയാണ് സൺസ് ഓഫ് അനാർക്കിയുടെ ഔട്ലോജീവിതം എന്ന് വേണമെങ്കിൽ പറയാം.ഗവൺമെന്റിന്റെയും,പണത്തിന്റെയും , വസ്തുക്കളുടെയും കെട്ടുപാടുകളില്ലാതെ ,മതത്തിന്റെയും മറ്റൊന്നിനെയും ഒരു അതിരുകളുമില്ലാത്ത , വ്യക്തികൾക്ക് ഏറ്റവും ഫ്രീയായി ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ലോകം.ഫെമിനിസ്റ്റ് അനാർക്കിസ്റ്റായ എമ്മാ ഗോൾഡ്മാന്റെ വാക്കുകൾ കടമെടുത്താൽ,
"Anarchism stands for the liberation of the human mind from the dominion of religion and liberation of the human body from the dominion of property; liberation from the shackles and restraint of government. It stands for social order based on the free grouping of individuals "
The club had lost it’s way and it needs a leader.

അമേരിക്കയിലെ സാങ്കൽപ്പിക നഗരമായ ചാർമിങ്ങിലെ മോട്ടോർ സൈക്കിൾ ക്ലബ് ആയ സൺസ് ഓഫ് അനാർക്കിയുടെ നിലവിലെ പ്രസിഡന്റ് ക്ലേ മോർറോ ആണ്.റഫ് ആൻഡ് റാഫ് ആയ ക്ലേ ഡിസിഷൻ മേക്കിങ്ങിൽ അഗ്രഗണ്യനാണ്.പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന തന്റേടി.അതുകൊണ്ട് തന്നെ ക്ലെയോട് മുട്ടൻ ആരും രണ്ട തവണ ആലോചിക്കും.നിലവിൽ ജാക്‌സിന്റെ 'അമ്മ ജെമ്മയുടെ ഭർത്താവാണ് ക്ലേ .ശക്തനായ പ്രസിഡന്റ്, എന്റെ അഭിപ്രായത്തിൽ The kind of president the club needed . ഷോയുടെ തുടക്കത്തിൽ വൈസ് പ്രസിഡന്റ് ജാക്സ് ആണ്.ക്ലബ്ബിന്റെ കൗൺസിൽ ഒരു ജനാധിപത്യ പ്രക്രിയയാണ്.ക്ലബിന്റെ ഏതു തീരുമാനങ്ങളും കൂട്ടായ വോട്ടെടുപ്പിലൂടെ മാത്രം തീരുമാനിക്കപ്പെടും.ഭൂരിപക്ഷം നോക്കി ,പ്രസിഡന്റ് gavel എടുത്ത് ടേബിളിൽ അടിക്കുന്നതോടെ ഡിസിഷൻ പാസ് ആവുന്നു.
തന്റെ ക്ലബ്ബിനെ തന്റെ അച്ഛൻ സ്വപ്നം കണ്ട രീതിയിലേക്ക് മാറ്റാനുള്ള ജാക്‌സിന്റെ ശ്രമങ്ങളും ,അയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും,നഷ്ടങ്ങളും,റേസിസവും,പ്രതികാരവും പറയുന്ന മനോഹരമായ ഷോ ആണ് സൺസ് ഓഫ് അനാർക്കി . മനുഷ്യന്റെ അന്ധമായ പണക്കൊതിയുടെയും,ക്രൂരതയുടെയും,വംശീയതയുടെയും വെറുപ്പ് നിറഞ്ഞ യാഥാർഥ്യത്തിലേക്കാനു ജാക്‌സിന്റെ ബൈക്കിന്റെ പിറകിലിരുന്നു നമ്മൾ യാത്ര ചെയ്യുന്നത് .

സൺസ് ഓഫ് അനാർക്കിഎന്തിനു കാണണമെന്നതൊരു ചോദ്യമല്ല.കാരണം,സീരീസ് ഫാൻ,പ്രത്യേകിച്ചും ക്രൈം ഡ്രാമ ,കൂടെ മോട്ടോർസൈക്കിൾ ഫാനും കൂടെ ആന്നെങ്കിൽ ഇത്രേം കാലം എവിടെ നോക്കി ഇരിക്കുകയായിരുന്നെന്നു മാത്രമേ ചോദിക്കാനുള്ളൂ . കാരണം, വൈറ്റ് ബുഫെല്ലോയുടെ "come join the murder " എന്ന മനോഹരമായ പാട്ടിൽ സൺസ് ഓഫ് അനാർക്കി അവസാനിക്കുമ്പോൾ,സർവം തകർന്നിരിക്കുമ്പോൾ മാത്രമേ നമുക്കത് മനസ്സിലാവൂ .
THIS SHOW WILL DEFINITELY BREAK YOU,TORTURE YOU AND DESTROY EVERY LAST HOPE YOU HAVE FOR HUMANITY .BUT IT ALSO SHOWS YOU THE WAY .IT SHOWS YOU HOW TO REDEEM YOUR DEEDS BY DOING THE RIGHT THINGS,EVEN WHEN YOU HAVE TO LET GO OF THINGS YOU VALUE MOST.
SONS OF ANARCHY IS TRULY HONEST TO IT’S CORE POINT TILL THE VERY END.IT IS CONSITENT ,UNPREDICTABLE AND BLOODY BRUTAL AT THE SAME TIME AND THE MOST IMPORTABNT THING ,JAX TELLER . HE WAS THE JESUS OF A LOST CAUSE . THE MAN WHO PAID FOR OUR SINS .
Like
Comment

 Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?   സിനിമ എന്ന നിലക്ക് തന്മയത്വമുള്ള  മേക്കിംഗും സ...