Sunday, December 20, 2020

പുരോഗമന സിനിമയുടെ വായിക്കാപ്പുറങ്ങൾ


---------------------
മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ മാനസികാവളർച്ചയെയും പുരോഗമന ചിന്തയെയും അതെ കാലയിടത്തിലെ കലാ വ്യവഹാരവുമായി ബന്ധപ്പെടുത്തി വായിച്ചെടുക്കാൻ കഴിയും. പാരമ്പര്യമായി കൈമാറിപ്പോന്ന ജാതീയമായ വിഭജനങ്ങളാൽ നിർമിക്കപ്പെട്ട നമ്മുടെ സാമൂഹികത എത്രത്തോളം പുരോഗമന ചിന്തയെ ഉത്പാദിപ്പിക്കുന്നു എന്നും, താരതമ്യേന അധികാര കേന്ദ്രീകൃതമല്ലാത്ത ന്യൂനപക്ഷ സ്വത്വങ്ങളുടെ ജീവിത പരിസരങ്ങളോട് നമ്മുടെ കല എത്രത്തോളം ഐക്യപ്പെടുന്നു എന്നതും ഇതേ സാംസ്കാരിക പുരോഗതിയുടെ നേര്വായനയാണ്.
സമൂഹം നിലനിൽക്കുന്നതിന്റെ പ്രധാന ഘടകം ജാതി ആണെന്നത് യാഥാർഥ്യമായി കാണുമ്പോൾ തന്നെ പ്രത്യക്ഷമായ ജാതി ചിന്തകളെ നമ്മൾ പൊതുവ്യവഹാരങ്ങളിൽ നിന്നെത്ര സമർഥമായി മാറ്റി നിർത്തുതുന്നു എന്നൊരു ചോദ്യമുണ്ട്. പക്ഷെ ഒന്നുകൂടെ നോക്കിയാൽ പ്രത്യക്ഷത്തിൽ നമ്മൾ അയിത്തം കൽപ്പിക്കുന്ന ഇതേ ജാതി പരോക്ഷമായി നമ്മളിൽ പ്രവർത്തിക്കുന്നതിനെ നമ്മൾ മനസ്സിലാക്കുന്നുണ്ടോ എന്ന ചോദ്യമായി അത് പരിണമിക്കുന്നത് കാണാം.
ഇവിടെത്തന്നെ നിങ്ങളൊക്കെ സർട്ടിഫിക്കറ്റിൽ നോക്കുമ്പോൾ മാത്രം വെളിപാട് വരുന്ന 'ഏലിയൻ ' ആണെന്ന് സ്ഥാപിക്കാൻ നോക്കുന്ന ജാതി, നിങ്ങളുടെ തന്നെ സ്വപ്നങ്ങളിലെ ജാതിയില്ലാ കേരളത്തിന്റെ സാംസ്കാരിക വ്യവഹാരങ്ങളിൽ എത്രയാഴത്തിൽ വേരുപിടിച്ച ഒന്നാണെന്ന് ഒന്നാലോചിച്ചു നോക്കാം.

ജാതീയയതയുടെ വായനക്കായി ഉപയോഗപ്പെടുത്താൻ കഴിയുന്ന മാധ്യമമാണ് സിനിമ . മുഖ്യധാരാ കച്ചവട/പോപ്പുലർ സിനിമകളെ മലയാളിയുടെ പൊതുബോധമായി കണക്കാക്കാമെങ്കിൽ, വളരെ റാന്റം ആയി മനസിലേക്ക് വരുന്ന പോപ്പുലർ സിനിമകൾ എടുക്കണമെങ്കിൽ നമ്മുടെ കച്ചവട സിനിമകളുടെ വിനോദമൂല്യം ഉണ്ടാവുന്നത് തന്നെ ഇത്തരം സിനിമകളിൽ കടന്നു വരുന്ന അമിതമായ ജാതി ഗ്ലോറിഫിക്കേഷൻ /നോർമലൈസേഷൻ കൊണ്ട് കൂടിയായിരുന്നു, ആണ്.' ചന്ദ്രലേഖ'യിലെ 'അന്തസുള്ള നായരാവുന്ന അപ്പുക്കുട്ടനും ' 'പക വീട്ടാതിരിക്കാൻ താൻ വൈശ്യനോ ശൂദ്രനോ അല്ല, ക്ഷത്രിയനാണെന്നും വീമ്പു പറയുന്ന മന്നാഡിയാറും തുടങ്ങി ജാതീയമായ ഗ്ലോറിഫിക്കേഷൻ, നോർമലൈസേഷൻ മാത്രമായി നിൽക്കാതെ ഇത്തരം സിനിമകൾ പൊതുവെ ദളിത് -മുസ്ലിം -സ്ത്രീ സ്വത്വങ്ങളെ അപരവൽക്കരിക്കുന്നതായും കാണാം. അതുകൊണ്ട് തന്നെ ഇതുവരെ നമ്മുടെ സിനിമാ സംസ്കാരം ദളിതനെ 'സാധാരണ മാന്വഷ്യനായി ' കണക്കാക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന അന്വേഷണം തന്നെ മലർന്നു കിടന്നു തുപ്പലാണ്.

കച്ചവട സിനിമയുടെ വിപണി അധിഷ്ഠിത ബോധത്തിൽ കറുത്തവനും ക്രിമിനലുമായി ദളിത് സ്വത്വം ഇക്കാലമത്രയും അനീതി നേരിട്ടു. ആരെയും ചിരിപ്പിക്കാൻ പോന്ന വിരൂപനും കോമാളിയുമായി വിലകുറഞ്ഞ ജാതിയാധിക്ഷേപ സിനിമകളിൽ മാത്രമായി ദളിത് എന്ന സാംസ്കാരിക സ്വത്വം ഒതുങ്ങി. അതെ സമയം തന്നെ ഇതേ ജാതീയമായ പ്രിവിലേജിന്റെ സാമൂഹികാധികാരത്തിന്റെ ധാർഷ്ട്യത്തിൽ ഇവിടുത്തെ മതേതര കലാസ്നേഹി പൊതുബോധം ഉച്ചക്കഞ്ഞിക്കായി സ്കൂളിൽ പോവേണ്ടി വരുന്ന മേല്ജാതിക്കാരന്റെ ക്ഷയിച്ച ഇല്ലങ്ങൾക്കുള്ളിലെ ദരിദ്ര ജീവിതങ്ങളെ നോക്കി വിങ്ങിപ്പൊട്ടി. എന്നാൽ ജാതീയമായ അധികാരത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക ഘടനയിൽ ദരിദ്രനായ ബ്രാഹ്മണന്റെ സാമൂഹികാധികാരവും, അദൃശ്യനായി തുടരുന്ന ദളിതന്റെ നിലനിൽപ്പിന്റെ ആശങ്കയും ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, അവരുടെ സാമൂഹിക പങ്കാളിത്തത്തിലേക്കുള്ള കച്ചിത്തുരുമ്പായ സംവരണത്തെ പോലും കലയെ കൂട്ടുപിടിച്ചുകൊണ്ട് ചോദ്യം ചെയ്യുകയും, ഇതിന്മേൽ നിരന്തരമായ സംഘടിത ബോധങ്ങളുമുണ്ടാക്കി. പിൽക്കാലത് ഇവിടുത്തെ സവര്ണപൊതുബോധം തന്നെ അതിലെ പത്തു ശതമാനം ഇത്തരത്തിൽ ഭരണഘടനയുടെ നൈതികബോധത്തെ തന്നെ പിന്തള്ളി എത്തരത്തിൽ തരപ്പെടുത്തി എന്നത് നമ്മെ ചോദ്യം ചെയ്യുന്ന ചരിത്രം.

ആ ചരിത്രത്തിന്റെ അനീതിയുടെ സ്പെയ്സിൽ നിസഹായരായി ഇരുന്നുകൊണ്ട് തന്നെയാണ് മലയാളിയുടെ കപട പുരോഗമന സാമൂഹിക ബോധത്തെയും കലയെയും നമുക്ക് നിരന്തരം ചോദ്യം ചെയ്യേണ്ടി വരുന്നത്. നമ്മുടെ സകല ചിന്തകളിലും എത്രത്തോളം സൂക്ഷ്മമായി പ്രവർത്തിക്കുന്ന ഒന്നാണ് ജാതി എന്നത്, ഇതേ സിനിമകൾ വീണ്ടും ഇവിടുത്തെ സവർണ പൊതുബോധത്തിന്റെ അധികാരക്കൈകളിലേക്ക് വെച്ചുനീട്ടപ്പെടുന്ന വടികളാണെന്ന ചിന്തയുണ്ടാവുന്നത്.

രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമ അത്തരത്തിലൊരു 'ലക്ഷണമൊത്ത' psuedo progressive സിനിമയായി കണക്കാക്കാം. ദളിതൻ അനുഭവിക്കുന്ന ജാതീയമായ അസമത്വങ്ങളെ അഡ്രെസ്സ് ചെയ്യുന്നെന്ന ലിബറൽ യുക്തിയിലൂടെ സഞ്ചരിക്കുന്ന കമ്മട്ടിപ്പാടത്തിന്റെ നിലപാട് അടിമുടി ദളിത് വിരുദ്ധമാണ്.
ഗംഗന്റെയും ബാലന്റെയും ജീവിതങ്ങളെ സംവിധായകൻ കാണുന്ന്നത് സവര്ണനായ കൃഷ്ണന്റെയും മറ്റു വരേണ്യ കഥാപാത്രങ്ങളിലൂടെയാണ്. അതായത് ദളിതന്റെ ചരിത്രം വായിക്കുന്നതും, ശെരി തെറ്റുകൾ അടയാളപ്പെടുത്തുന്നതും ആത്യന്തികമായി സവര്ണനറെ അധികാരമാണെന്നാണ് കമ്മട്ടിപ്പാടത്തിന്റെ നീതിബോധം. അവിടെ ദളിത് എന്ന സ്വത്വത്തിന്റെ, തന്റെ ചരിത്രത്തിനും ജീവിതത്തിനും മേലുള്ള അവകാശം സംവിധായകനാൽ തന്നെ നിഷേധിക്കപ്പെടുന്നു. അയാളുടെ സ്വത്വപരമായ അന്വേഷണത്തിന്റെ അനിവാര്യത നിർബാധം റദ്ദ് ചെയ്യപ്പെടുന്നു. ദളിതന്റെ പെയിൻ സവർണ്ണൻ ഏറ്റെടുക്കുന്നു. അവന്റെ പ്രതികാരം നിറവേറ്റുന്നത് സവർണന്റെ ഔദാര്യമായി സ്ഥാപിക്കപ്പെടുന്നു. ചുരുക്കത്തിൽ കമ്മട്ടിപ്പാടം എന്ന സിനിമ മുന്നോട്ട് വെക്കുന്ന നൈതിക ബോധത്തിൽ, ലോകത്തിൽ ദളിതൻ എന്ന സ്വത്വമുണ്ട്-അയാളുടെ സ്‌പെയ്‌സ് ഇല്ല. ശരീരമുണ്ട് -ശബ്ദമില്ല.

കറുത്തവനും ചിരിക്കാനുമുള്ള വകയായി മലയാള സിനിമയുടെ മാടമ്പി തറവാടകങ്ങളിൽ 'ശൊല്ലുങ്ക യെശമാ "എന്ന് വിധേയത്വം കാണിക്കുന്ന അപല ജന്മ കാഴ്ചപ്പാടുകളിൽ നിന്നും മലയാളിയുടെ പൊതു ചിന്തയിലേക്ക് ദളിത് സ്വത്വം പുരോഗമിച്ചത് ഈയര്ഥത്തിലാണ്.

നമ്മുടെ കലയും, പുരോഗമനവും ഇപ്പോഴും ഇതേ ജാതീയമായ കള്ളികൾക്കുള്ളിലും മറ്റു സ്വത്വങ്ങൾ ഇപ്പോഴും പുറത്തുമാണ്. ഇവിടെയിറങ്ങി ലാഭമുണ്ടാക്കുന്ന മിക്ക ന്യൂനപക്ഷ സിനിമകളും ഇതേ സ്യൂഡോ പ്രോഗ്രസ്സിവ് സവർണ നോട്ടത്തിൽ നിന്നുണ്ടായവയാണ്, നമ്മുടെ സാംസ്കാരിക വ്യാപാരങ്ങളിൽ വേരുപിടിച്ച കളയാണ്. അതായത്, കുറേക്കാലം ഇവരുടെ ജീവിതത്തെയും, പെയിനിനെയും നിരത്തേയും പറ്റി വംശീയ തമാശകളുണ്ടാക്കി ലാഭമിണ്ടാക്കിയ ഇവിടുത്തെ മാടമ്പി തമ്പ്രാക്കന്മാർ പറയുകയാണ്, " അട മോനെ, നമ്മൾ ലേശം പുരോഗമിച്ചിട്ടുണ്ട്, ഇയ്യ് ഞങ്ങൾ കരുതുമ്പോലെ അത്രക്ക് മോശമല്ല, ഞങ്ങടെ മാടമ്പി തറവാട് സിനിമാ വിപണിയിൽ നിന്റെ കഥ പറയാൻ നമുക്ക് കുറച് പുരോഗണന സവർണരെ കിട്ടിയിട്ടുണ്ട്" എന്ന് !!
എങ്ങനെ സൂർത്തുക്കളെ, മെസ്സല്ലേ നമ്മൾ???

ഇവിടുത്തെ ഒരു പ്രമുഖൻ മൂവി സ്ട്രീറ്റിൽ ഏറിവരുന്ന ജാതി വിശകലനത്തിൽ അദ്ദേഹത്തിനുണ്ടായ മാനസിക വൈഷമ്യത്തെപ്രതി ട്രോൾ മുഖേന പ്രതികരിക്കുകയുണ്ടായി, ' തിരക്കഥയിലെ ഗ്ലോറിഫിക്കേഷൻ വരുന്ന ഭാഗം ചുവന്ന വരയിടാനാണ് ' ആവശ്യം.
പക്ഷെ കാലങ്ങളായി ഞാനും നിങ്ങളുമടങ്ങുന്ന ബുധിജീവിപക്ഷം ഇവിടുത്തെ പവർലെസ്സ് ജീവിതങ്ങൾക്കുമേൽ വരച്ചിട്ടുള്ള ചുവന്ന വരകളെ കട്ടികൂട്ടാൻ കലയെ വീണ്ടുംവീണ്ടുമുപയോഗിക്കുമ്പോൾ, കലക് വിനോദമല്ലാതെ മറ്റൊരു ധാർമികത ഇല്ലാതാക്കപ്പെടുമ്പോൾ ചിലരെങ്കിലും നിങ്ങൾ ഡിഫൈൻ ചെയ്യന്ന ജാതി വെറിയൻമാരായില്ലെങ്കിൽ നമ്മുടെ ഏകപക്ഷീയമായ സിനിമാ ഉദ്ധാരണങ്ങൾ കൊണ്ടൊക്കെ എന്ത് കാര്യം?
നിങ്ങളുടെ പ്രിവിലേജിന്റെ മട്ടുപ്പാവിൽ നിന്നു ലോകത്തെ നോക്കുമ്പോൾ ജാതി സർട്ടിഫിക്കട്ടിലെ മാത്രം വ്യവഹാരമായിരിക്കും. മറ്റുള്ളവർക്കും അങ്ങനെയാകുമെന്നു നിങ്ങൾ തീരുമാനിക്കുന്നത്ര ആശയ പാപ്പരത്തം വേറെയുണ്ടോ?,
വീണ്ടും പറയാം,അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയും,ഞാനൊരു പുലയനാണ്, താളം എന്റെ രക്തത്തിലുള്ളതാണെന്നു പ്രഖ്യാപിക്കുന്ന വിനായകനും എനിക്കൊരുപോലെ അല്ല . !!
--------------------------
(ഇവിടുത്തെ പ്രിയദർശൻ ഫാൻസ്‌ തല്ലിക്കൊന്നില്ലെങ്കിൽ മറ്റൊരു സിനിമയുമായി തുടരാം ) 

No comments:

Post a Comment

 Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?   സിനിമ എന്ന നിലക്ക് തന്മയത്വമുള്ള  മേക്കിംഗും സ...