മാലിക് നു പല ഷെയ്ഡുകളുണ്ട്. യഥാർത്ഥമായ സംഭവങ്ങളുടെ ഇവന്റുകളും ഇമേജറികളും ഉഓയോഗിക്കുമ്പോൾ തന്നെയും മാലിക് നല്ലൊരു ശതമാനം അതിന്റെ ഘടനയിൽ തന്നെ ഫിക്ഷന്റെ സാധ്യതയിലാണ് നിൽക്കുന്നത്.
ഒന്നാമതായി, ബീമാപള്ളി വെടിവെപ്പ് എന്ന, ഇടത് സ്പോൺസേഡ് കൂട്ടക്കൊല കേരളത്തിന്റെ നമ്പർ വൺ പിആർ മാസ്കിനുള്ളിൽ മറഞ്ഞുകിടന്ന കിരാത സംഭവം, ഒരു നോൺ മുസ്ലിം ഡയരക്ടർ വഴി സർഫസിലേക്ക് പൊന്തിവരികയാണ്, അതും ആമസോൺ പ്രൈമിൽ. അതൊരു ചെറിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല മാത്രവുമല്ല, ബീമാപ്പള്ളിയിലെ വെടിവെപ്പ് പൂർണമായും പോലീസ് ഗൂഢാലോചനയായിരുന്നു എന്ന സത്യം ഉറക്കെ പറഞ്ഞുകൊണ്ട് അവസാനിക്കുന്ന മാലിക്കിൽ ഇടതുപക്ഷ ഗവണ്മെന്റിനെ നിർബന്ധമായും കാണിക്കണമായിരുന്നു എന്ന വാദം എന്നെ സംബന്ധിച്ച് സംവിധായകന്റെ മാത്രം ചോയിസാണ്.
എന്നെ സംബന്ധിച്ച് താൻ ജീവിക്കുന്ന കേരളത്തിൽ ഇടതുപക്ഷ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾക്കും തീരദേശനിവാസികൾക്കുമെതിരെ ഇത്ര വലിയ വംശീയ ആക്രമണം നടന്നിട്ടും അതിനെതിരെ ഒരു ചെറുവിരൽ പോലും അനങ്ങിയില്ല എന്ന ഞെട്ടൽ ഒരു നോൺ മുസ്ലിം ആയ, അതിന്റെ പ്രിവിലേജ് അജുഭവിക്കുന്ന മഹേഷ് നാരായണനുണ്ടായിട്ടുണ്ടാവാം എന്ന സാധ്യത കൂടി ഞാനതിൽ കാണുന്നുണ്ട്.
ടേക്ക് ഓഫിൽ ഇസ്ലാമോഫോബിയ ഉള്ളതുകൊണ്ട് ബൈ ഡിഫോള്ട് മാലിക് ചെയ്യുന്നയാളും ഇസ്ലാമോഫോബിക്കായിരിക്കുമെന്ന മുൻവിധി കൂടി ഇതിൽ വർക്ക് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് ഇവിടെയുള്ള മുസ്ലിം സ്വത്വവാദികളുടെ വാദം കാണുമ്പോൾ തോന്നുന്നത്.
ഒരു മുസ്ലിം എന്ന നിലയിൽ മാലിക് എന്ന സിനിമ മുസ്ലിം ജീവിതത്തെയും അതിന്റെ എസ്സെൻസിനെയും മലയാള സിനിമക്ക് പരിചിതമല്ലാത്ത പ്രതലത്തിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട് . ഭൂമിയുടെ മേലുള്ള അവകാശത്തെ കുറിച്ച് പൂര്ണബോധ്യമുള്ള സംഘടിതരായ ജനതയാണ് റമദാപള്ളിക്കാർ. തിരുവനന്തപുരത്തിന്റെ സവർണ /രാജകുടുംബ ആധിപത്യ സംസ്കാരത്തിനും അധികാരത്തിനും പുറത്തുള്ള ജനത. അവരുടെ കള്ളക്കടത്തിലൂടെയും മറ്റുമുള്ള അതിജീവനം വെറുമൊരു ക്രിമിനൽ ഒഫൻസിനപ്പുറത്തേക്ക് അവരുടെ അപൊളിറ്റിക്കൽ ആയ നിർഭയത്വവും, തങ്ങളെ പുറന്തള്ളിയ വ്യവസ്ഥയോട് ഫക്ക് പറയുന്ന അന്തസോടു കൂടിയുള്ള ജീവിതവും സിനിമ ഒരിക്കലും കേവലമായ സ്റ്റെറ്റിസ്റ് /പൊതുബോധ കാഴ്ചപ്പാടിന് വിട്ടുകൊടുക്കുന്നില്ല. അതെ സമയം തന്നെ ആഭ്യന്തര കൊളോണിയലിസത്തിനെതിരെയുള്ള ഈ സ്പിരിറ്റ് നു മനോഹരമായ കുറച്ച് സീനുകളിലൂടെ സാധുത നൽകുകയാണ് ചെയ്യുന്നത്.
പ്രാഥമികമായി മുസ്ലിം വിരുദ്ധമായ CAA, NRC സമരങ്ങൾക്കിടെ മുസ്ലിം പ്രതിനിധാനങ്ങൾ അല്ലാഹു അക്ബർ മുഴക്കിയപ്പോൾ അതിനെ പൊട്ടൻഷ്യൽ ഇസ്ലാമിക മതമൗലിക വാദമായും സംഘികൾക്ക് സമമായും വായിക്കപ്പെട്ട പൊതുവിലേക്കാണ് മാലിക്കിലെ അല്ലാഹു അക്ബർ വിളികൾ അത്ര സ്വാഭാവികമായും ഒരു കൂട്ടത്തിന്റെ നിര്ഭയത്വത്തിന്റെ ചിഹ്നമായും മുഴങ്ങുന്നത്. ആ സീനിലും ആ വിളികളിലും വിശ്വാസത്തിന്റെ ശക്തിയും പോസിറ്റിവിറ്റിയും ഭംഗിയും കൂടിയാണ് ഞാൻ കണ്ടത്. മാലിക് എന്ന സിനിമ മുസ്ലിം സ്വത്വ രാഷ്ട്രീയത്തെ വികലമാക്കിയെന്നാരോപിക്കുന്നവർ അത് മുസ്ലിം എന്ന അസ്തിത്വത്തോട് മുൻപൊരു സിനിമയും കാണിക്കാത്ത നീതി കാണിക്കുന്നുണ്ട് എന്ന കാര്യം മനഃപൂർവം മറക്കുന്നുണ്ട്. നിസ്കാരവും പള്ളിയും മറ്റാചാരങ്ങളുമെല്ലാം തീവ്രവാദത്തിന്റെയോ, സ്ത്രീവിരുദ്ധതയുടെയോ, ഭീകരതയുടെയോ മുന്വിധികളിലാതെ, അത്തരം നരേറ്റിവുകൾക്ക് വേണ്ടി ഉപയോഗിക്കപ്പെടാതെ മാലിക്കിൽ സുന്ദരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിനനുസരിച്ചുതന്നെ അതിമനോഹരമായ, കഥയോട് നീതിപുലർത്തുന്ന, മുസ്ലിം പശ്ചാത്തലത്തിലുള്ള സംഗീതവും കൃത്യമായി ഉപയോഗിച്ചിട്ടുമുണ്ട്. അത്തരത്തിൽ ദീർഘകാലമായി മലയാള സിനിമയിൽ മുസ്ലിം പ്രതിനിധാനങ്ങൾക്ക് മേൽ തുടർന്ന് പോരുന്ന സങ്കുചിതവും സ്റ്റീരിയോടൈപ്പിക്കുമായ visual നരേറ്റിവുകൾക്കപ്പുറം മാലിക്ക് സ്വന്തമായ, സ്വാഭാവികമായ മുസ്ലിം അസ്തിത്വം രൂപീകരിക്കുന്നത് എനിക്ക് കാണാൻ സാധിക്കുന്നത്.
സിനിമയിൽ റമദാപള്ളിക്കാർ പോലീസിനെ തിരിച്ചടിക്കുന്നത് ഭാവനാത്മകമാണെങ്കിൽ തന്നെ, പോലീസ് കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ നര നായാട്ടാണ് അതെന്നു സിനിമ കൃത്യമായി പറഞ്ഞുവെക്കുകയും ഇനി അത്തരത്തിലൊരു counter അറ്റാക്ക് ഉണ്ടായെങ്കിൽ തന്നെ അകാരണമായി അക്രമിക്കപ്പെട്ടവന്റെ സായുധ പ്രതിരോധത്തെ സിനിമ ലെജിറ്റിമൈസ് ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ സ്റ്റേറ്റിന് ആക്സസിബിൾ ആവാത്ത, അഴിമതിക്കും രാഷ്‌ടീയ ലാഭങ്ങൾക്കും കിട്ടാത്ത ഭൂമി, അതിന്മേൽ ഒരു ജനത കൈവരിക്കുന്ന സ്വയം പര്യാപ്തത ഇതൊക്കെ സ്റ്റേറ്റിനെ അസ്വസ്ഥതപ്പെടുത്തുകയും പൊലീസിന് സ്വാധീനമുണ്ടാക്കാൻ വേണ്ടി അവർ ഗൂഢാലോചനപ്രകാരം നടത്തിയ വംശഹത്യയായിരുന്നു ഇതെന്നും വസ്തുതയാണ്. അതിനെ സിനിമ ഒരിടത്തും ചോദ്യം ചെയ്യുന്നില്ല. ബീമാപ്പള്ളി കൂട്ടക്കൊലക്ക് കാരണമായ കമ്യൂണിസ്റ്റു ഗവണ്മെന്റിനെ കാണിച്ചില്ല എന്നതിനേക്കാളും ബീമാപ്പള്ളിയിലെ ജനതയുടെ ഈയൊരു സ്റ്റേറ്റ് വിരുദ്ധ രാഷ്ട്രീയ ബോധ്യത്തെ സിനിമ ചോദ്യം ചെയ്യുന്നുമില്ല, മറിച്ച് അതവരുടെ അവകാശമായി മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.
കാരണം ബീമാപ്പള്ളി കൂട്ടക്കൊലയുടെ ഉത്തരവാദി ആരാണെന്നു പകൽ പോലെ വ്യക്തമാണ്. സിനിമയിൽ ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമല്ലാത്ത സലിം കുമാറിന്റെ ഇമാം കഥാപാത്രം ഇത് "ഒരമ്പലത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നേനെ " എന്ന് ചോദിക്കുന്നത് ഈ സിനിമയിൽ യാദൃശ്ചികമാണെന്നു വാദിക്കാൻ കഴിയുമോ? ഇവിടെ മുസ്ലിങ്ങൾ അനുഭവിക്കുന്ന അപരത്വത്തെ ഇത്ര തീവ്രവും കാര്യക്ഷമവുമായി ഒരു ഡയലോഗിൽ ഒതുക്കിയ എത്ര സിനിമകൾ ഈ മുസ്ലിം സംരക്ഷകർക്ക് കാണിക്കാൻ കഴിയും? ഇടതുപക്ഷ ഗവണ്മെന്റ് നടത്തിയ ബീമാപ്പള്ളി കൂട്ടക്കൊലയിൽ പോലീസുകാർ ഒരു കുഞ്ഞിനെ കൊന്നു വലിച്ചുകൊണ്ടുപോവുന്ന നെഞ്ച് തുളയ്ക്കുന്ന രംഗം അത്ര തീവ്രതയോടെ പ്ലേസ് ചെയ്ത സിനിമയെ എങ്ങനെയാണ് നിങ്ങൾക്ക് ഇസ്ലാമോഫോബിയ എന്ന ഒറ്റക്കുറ്റിയിലേക്ക് കെട്ടാൻ കഴിയുന്നത്?
ബീമാപ്പള്ളിയിലെ കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ശേഷം അമ്പലത്തിലെ ആറ്റുകാൽ പൊങ്കാലയിൽ 'ഒളിക്കുന്ന ' സവർണ മാടമ്പിയെ ഇത്ര കൃത്യമായ വിവേചനബുദ്ധിയോടെ കാണിച്ചു തരുന്ന എത്ര സിനിമകളുണ്ട്? മുസ്ലിങ്ങൾ തോക്ക് ഉപയോഗിക്കുന്നതാണോ നിങ്ങളുടെ പ്രശ്നം? അരികുവൽക്കരിക്കപ്പെട്ടവർ അങ്ങനെ നിരായുധരും അഹിംസാവാദികളും മാത്രമാവണമെന്ന വാശിയും, ഇതുപോലെയുള്ള മുസ്ലിം ആവിഷ്കാരങ്ങളും ബൈ ഡിഫോൾട്ട് ഇസ്ലാമോഫോബിയയും ആവുമെന്ന ഇരവാദ യുക്തി മാത്രമായേ എനിക്കതിനെ കാണാൻ കഴിയൂ.
എന്റെ കാഴ്ചാനുഭവത്തിൽ
മാലിക്ക് കുറച്ചുകൂടെ സ്വതന്ത്രമായ കാണൽ ആവശ്യപ്പെടുന്നുണ്ട്, നമ്മളത് നൽകാൻ തയ്യാറാണോ എന്നതാണ് ചോദ്യം.
പിന്നെ മറ്റു സ്വത്വങ്ങളെ അഡ്രസ് ചെയുന്ന സിനിമകളിലെല്ലാം ഫിക്ഷന്റെ സാധ്യതകളെ തേടുന്ന ആളുകൾ മാലിക്കിന്റെ ഫിക്ഷണൽ സാധ്യതയെയും ഫ്രീഡത്തെയും അംഗീകരിക്കാൻ സാധ്യതയുണ്ടോ എന്ന് കുറച്ചു ദിവസം മുന്നേ ഒരു ചർച്ചയിൽ ചടച്ചിരിക്കുമ്പോൾ ഞാനോര്ത്തിരുന്നു.
ഒരിക്കലുമില്ല എന്ന് ഇന്ന് മനസിലായി.