എസ്റ്റെറ്റിൽ നീണ്ടുപെയ്ത മഴക്ക് ശേഷം മരം പെയ്തൊലിച്ചിറങ്ങുന്നു. കൊതുക് കൂട്ടം കാടുവിട്ട് മൂളിയിറങ്ങുന്നു.തോർന്ന മഴയുടെ ശൗര്യം നിൽക്കാതെ എസ്റ്റേറ്റ് വെള്ളം കൊള്ളിലൂടെ താഴെ വീടിനരുകിലെ ചാലിലേക്ക് വീണു ചളി കുഴഞ്ഞൊഴുകുമ്പോൾ, അമ്മാ ഉഴുന്നുദോശ വാഴക്കയ്യിൽ എണ്ണ പിരട്ടി കരിച്ച് ചുട്ടെടുക്കുകയാണ്. വീടിന്റെ, മഴയിൽ കുതിർന്ന തണുത്ത മൺകട്ടകൾക്കുള്ളിലെ പുരാതനമായ കരിയടുപ്പിൽ പോത്തിന്റെ കറി തണുത്ത് കത്തുന്നു. കരിമണ്ണ് കലക്കി മെഴുകിയ കോനായിൽ നിന്ന് കയ്യിലൊരു ദോശയും ഇടംകയ്യിൽ സിയ്യാചെച്ച വാങ്ങിത്തന്ന പോപ്പിക്കുടയും കൊണ്ട് മുറ്റത്തേക്ക് ചാടി, എസ്റ്റേറ്റ് ചളി ഒലിച്ചുപോയ ചാല് കവച്ച്, മുറ്റത്ത് വയൽക്കിണറിൽ നിന്ന് കലക്കവെള്ളം കോരുന്ന സൽമാർസിന്റെ ദൃശ്യം ഒരു ഫോട്ടോയാക്കി വയലിലേക്കൊരൊറ്റ ഊളിയിടൽ. ഈ വയലൊക്കെ ഏതോകാലം വാഴകേറിയതാണ്. നെല്ലായിരുന്ന് മുന്നം. അമ്മാ പറഞ്ഞിട്ടുണ്ട്. റാദത്താ ചോല വെട്ടാൻപോയി വന്നിട്ട് പാൽപ്പൊടിച്ചായ സ്റ്റീൽ സോസറിൽ ആറ്റിക്കുടിയ്ക്കുമ്പോ പറഞ്ഞിട്ടുണ്ട്(.ചോലവെട്ടുന്ന വാക്കത്തിപ്പിടിക്ക് റാദത്താന്റെ വിയർപ്പ് മണക്കും. ) സിയ്യാചെച്ചാക്ക് വയൽ ഓർമ കാണും ചിലപ്പോ. ചെച്ച കുഞ്ഞായിരുന്നപ്പോ കാര്യമ്പാടി വേറെയാവും.ഏറിയ കാടാവും. ഇപ്പൊ കൊറഞ്ഞ കാടാ. എസ്റ്റേറ്റ് കൂടിയേ ഉള്ളൂ.ചെലപ്പോ കാണാൻ വരുന്ന ബന്ധുക്കൾ "അമ്മാന്റെ വീട് ഒരു എസ്റ്റേറ്റില്, അതും വയലിന്റെ നടുക്കെന്നു " വിഷമിക്കുന്നത് കണ്ടട്ടുണ്ട്. അതിനിത് കാടല്ലല്ലോ, കാടിന്റെ ബാക്കിയാണല്ലോ.
എസ്റ്റേറ്റിന് താഴെയുള്ള വയലൊരു നാടൻ മെയ്‌സായിരുന്നു.പക്ഷെ അവനാ എസ്റ്റേറ്റിന്റെ മൗഗ്ലിയാണ്. എവിടെപ്പോയാലും ബൂമറാങ് പോലെയവൻ വരമ്പുകളിലൂടെ തെന്നിപ്പാഞ് തിരിച്ചെത്തും.മഴക്കാലത്ത് പാടം മുങ്ങും, ഞണ്ടുകൾ മുറ്റം കേറും, വാഴ പൊതിരെ വീഴും,ബാംബോട്ടി വയലിൽ പൊങ്ങിയൊഴുകി നടക്കും, വരമ്പുകൾ ചളിയിൽ മാഞ്ഞുപോകും.
ഐസ്പ്പക്കാന്റെ വീട്ടിൽ ഞായറാഴ്ച്ചപ്പടം കാണാൻ വെള്ളത്തിലൂടെയൊടുമ്പോ മനക്കണക്കിൽ വയലിന്റെ ഭൂമിശാസ്ത്രമുണ്ട്. കാലെവിടെ വഴുക്കുമെന്നും വരമ്പെടവിടെയൊക്കെ വളയുമെന്നുമറിയാം. പാന്റ് മുട്ടിലേക്ക് കയറ്റി മടക്കി ചളികുഴഞ്ഞ കുത്തങ്കയറ്റം പാഞ്കേറുമ്പോ കനാൽക്കിണറിന് സൈഡിലെ അമ്പഴങ്ങമരത്തിന്റെ ചോടിൽ ഇലയും കായും കാറ്റടിച്ച് വീഴ്ത്തിയിട്ടുണ്ടാവും. കായൊന്നു കടിച്ച് പോക്കറ്റിലിട്ട് ഇലത്തണ്ട് വായിലിട്ട് ചവച്ച് വീണ്ടും ഓടി ഐസ്പ്പക്കാന്റെ മുറ്റത്തേക്ക് പാറിയിറങ്ങി കാല്കഴുകി ടീവിക്ക് മുന്നിലിരിക്കും.അന്നാണ് കാരുണ്യം സിനിമ കണ്ടത്. നഷ്ടപ്രണയം, മരത്തിന്റെ കപ്പിയുള്ള കിണറ്, ബസ്സിടിച്ച് മരിച്ച മുരളി, അയാളുടെ പൊട്ടിയ കണ്ണട. അന്ന് അമ്മാന്റെ മടീലിരുന്ന് ഏങ്ങിക്കരഞ്ഞു. അമ്മായും കരഞ്ഞു.
അമ്മാ കുറെ കഥ പറഞ്ഞു തന്നിട്ടുണ്ട്. ഏറോപ്ലെനുകളുടെ കഥ. കുട്ടി എയർപ്ലെൻ, തള്ള എയർപ്ലെൻ.. കാര്യമ്പാടിയിലെ ഗ്രാമത്തിലിരുന്നു മോനെ തീറ്റിക്കാൻ വേണ്ടി അമ്മാ പ്ളേനുകളുടെ സിനിമാറ്റിക് യൂണിവേഴ്സിനുള്ള കഥയുണ്ടാക്കി.സെബിയത്താന്റെ മോൻ കുഞ്ഞോൻ മോഹൻലാലിന്റെ സിനിമാക്കഥ പറഞ്ഞുതരും. കുഞ്ഞോന് സ്നേഹായോണ്ട് വൈന്നേരം വരെ കഥപറയും. ചെക്കൻ കേട്ടിരിക്കും.കണ്ട സിനിമ തീരുമ്പോ കുഞ്ഞോൻ മോഹൻലാലിൻറെ പുതിയ സിനിമകൾക്ക് കഥയെഴുതും. കനാൽ ഗ്രൗണ്ടിൽ ഷാഹിൻഷന്റെ മടീലിരുന്നും കഥ കേട്ടിട്ടുണ്ട്. എസ്റ്റേറ്റിന്റെ നിശ്ചലമായ, പേടിപ്പിക്കുന്നൊരു നിശബ്ദതയിൽ കഥകളിലൂടെ വളർന്നൊരു ജിജ്ഞാസ. ഇനിയും ഇനിയും അറിയാനുള്ള, രൂപപ്പെട്ട ഒരു ശീലം. ആടും പോത്തും മേച്ചു നടന്ന, എസ്റ്റേസ്റ്റേറ്റിലും കാട്ടിലും മേച്ചു നടന്ന അലസന്മാരുടെ പരമ്പരയുടെ നേർത്ത ഒരു തുടർച്ചയാവാം.അത്താനെപ്പോലെ ഒരു വർക്കിങ് ക്ലാസ് യാത്രികന്റെ ജീവിതം രൂപപ്പെട്ട അലച്ചിലുകളുടെ ബാക്കിയും കാണും.പൂർവികർ പൂർത്തിയാക്കാത്ത അന്വേഷണത്തിന്റെ തുടർച്ചയാണ് സ്വത്വം. കാട്ടിൽ ദിവസക്കൂലിക്ക് വേണ്ടി ആയുസു കൾ മുഴുവൻ നീണ്ട മരങ്ങളുടെ ഒത്ത കൊമ്പ് മുറിച്ച,പലനാട്ടിൽ ആടിനെ മെച്ച, ഓട്ടോയോടിച്ച, താരതമ്യേന അലസവും അതൃപ്തവുമായ ജീവിതങ്ങൾ കഴിയുന്നതുപോലെ അന്തസായി ജീവിച്ച കുറേ മനുഷ്യരുടെ അപൂർണമായ കൗതുകങ്ങളുടെ കൂട്ടഞെരുക്കം. കട്ടിമഴയുടെ കുത്തുന്ന ചെളിച്ചൂരുള്ള തണുപ്പ് തലയിലൂടെ കുത്തിയൊലിച്ചൊഴുകും ഓരോ മഴയിലും.ആ തണുപ്പ് ഉള്ളിൽക്കൊണ്ടു നടന്നാണ് ഞാൻ 'മനുഷ്യന് ' പുറത്തേകാലോചിച്ചത്. എന്റെ പരമ്പര അപ്രസക്തമാവുന്നതുപോലെ,അപ്രസക്തരാവുന്ന ഓരോ മനുഷ്യനെയും വരച്ചിടണം. കഥകൾക്ക് മനുഷ്യരുടെ മണമില്ലെങ്കിൽ കഥകൊണ്ട് കാര്യമില്ലാതാവും.