Sunday, December 20, 2020

വെള്ളാണ്ടിവിലാസിലെ റോഷ്‌നി




(കാലത്തോളം നാം അടിമപ്പെട്ടു പോവുന്ന ലഹരി വേറെയില്ല. അതുകൊണ്ടാണ് കാലങ്ങളിൽ നിന്നൊന്നും നമുക്ക് തിരിച്ചു കയറാൻ കഴിയാത്തത്.. )
.

.
എക്സ്ട്രാ ഡ്യൂട്ടി കിട്ടിയ വിഷമത്തിൽ താടിക്ക് കൈ കൊടുത്ത കുന്തിച്ചിരുന്ന രഘു സാറിന്റെ പുറത്തു തട്ടി, ഒരു ലോഡ് സഹതാപം ചൊരിഞ്, തോൾ ബാഗിട്ടു നേരെ സ്റ്റാഫ്‌റൂമിലേക്ക് കയറി. സാക്ഷാൽ പ്രിൻസിപ്പൽ ഇൻചാർജ് ജ്ഞാനസുന്ദരി മുഖത്തേക് നോക്കാതെ രജിസ്റ്റർ എടുത്ത് മുന്നിലേക് നീട്ടി.അടുത്തു തലയറ്റു കിടന്ന പേനയെടുത്ത് എന്റെ കോളത്തിലൊരു അലസനോപ്പ് കുത്തിവരഞ്ഞിട്ടു. ഒരു ദിവസത്തെ വിയർപ് കുടിച്ചു വീർത്ത സോക്സ്‌ വലിച്ചു കയറ്റി ക്യാന്വാസിന്റെ ലേസ് കൂട്ടിക്കെട്ടുമ്പോഴാണ് സാറെന്നു വിളിച് ആറാം ക്ലാസിലെയും ഒൻപതാം ക്‌ളാസ്സിലെയും പിള്ളേർ വരുന്നത് . ലോങ്‌ബെൽ കഴിഞ്ഞ് സായാഹ്ന ഒപ്പും ചാർത്തി പുറത്തിറങ്ങിക്കഴിഞ്ഞാൽ, പുറത്തു വരാന്തയിൽ കുട്ടികളോടൊപ്പമിരുന്നു സംസാരിക്കുന്നത് രസമാണ്...
മൂന്നര കഴിഞ്ഞും പേപ്പർ വർക്കുമായി മല്ലിടുന്ന രഘു സാറിനെ കാത്തു നില്കുന്നതൊക്കെ ചടങ്ങാണ്. ശ്വാസം മുട്ടിത്തുടങ്ങും..

"Sir, i have some unfinished things downstairs, see you in office" എന്ന് പറഞ്ഞ് മിനിറ്റ് സൂചി നാല്പത്തിന് കിഴുക്കുന്നതിനു മുൻപേ ഞാൻ സ്റ്റെപ്പുകൾ വ്യഗ്രതയോടെയിറങ്ങും.കൈപ്പൻ വേപ്പ് വേപ്മരത്തിന്റെ തണലിൽ, വരണ്ടയിലൊരു കോണിലിരുന്നു ഞാൻ മുന്നിലെ വിശാലമായ സ്കൂൾ ഗ്രൗണ്ടിലേക്കും, മതിലിനിപ്പുറം വരണ്ടു കിടക്കുന്ന തരിശു ഭൂമിയിലേക്കും നോക്കിയിരിക്കും. മങ്ങിയ നിറങ്ങളുടെ ലോകമാണിത്..
"എന്ന യോസിക്കിരിങ്ക സർ "

മനസിലൊരു കുഞ്ഞു ശബ്ദം വീണു പൊട്ടി.
യു കെ ജി യിലെ രോഷ്ണിയാണ്. മുഖത്തു ഞാനറിയാതെയൊരു ചിരി പടരും രോഷ്നിയെക്കണ്ടാൽ. രോഷ്‌നിയുടെ മുടിക്ക് അവളുടെ അതേ സ്വഭാവമാണ്. അനുസരണയില്ല. എത്ര ക്ലിപ്പിട്ടു കെട്ടിയാലും ഇടയിലൂടെ നൂഴ്ന്നിറങ്ങുന്ന ചെമ്പൻ മുടിയിഴകൾ അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾക് മുന്നിലൂടെ കാറ്റിനൊപ്പം പിടച്ചാടിക്കൊണ്ടിരിക്കും. ടീചെര്മാരുടെ കണ്ണിലെ കരടാണ് റോഷ്‌നി. വികൃതി, വാ തുറന്നാൽ നിർത്തില്ല, വാഴക്കാളി ശാഠ്യക്കാരി അധികപ്രസംഗി. ഇതാത്തയുടെ മകൾ നീനുവിനയാണ് അവളെ കാണുമ്പോൾ ഓര്മ വരിക. ഛോട്ടാ ഭീമിന്റെ പടമുള്ള വാട്ടർ ബോട്ടിൽ തൂക്കി, പകുതി സിബ്ബിട്ട വാ പിളർന്ന ബാഗ് തൂക്കി ഇളം ചിരിയുമായി റോഷ്‌നി എന്റെ അരികിൽ വന്നിരുന്നു.
"Nothing റോഷ്‌നി, ചുമ്മാ ഏതോ "
ഞാനൊഴുക്കൻ മട്ടിലൊരു മറുപടി കൊടുത്തു "ഉങ്ക ഗൈഡ് ബുക്ക് കൊഞ്ചം കാമിങ്കെ സർ, നീങ്കെ അതിലെ നിറയെ പിക്ചർ വരഞ്ഞിരിക്കേണ് കരിഷ്മാക്ക സൊന്നാര് "
ആവശ്യം എന്റെ ഡയറി കാണലാണ്...
കഴിഞ്ഞ ലീവിന് നാട്ടിൽ നിന്ന് പോരുമ്പോൾ വാങ്ങിച്ചതാണ്.
അതിൽ ഞാൻ പലതും കുത്തിവരഞ്ഞു വെക്കാറുണ്ട്..
യുകെജി ക്‌ളാസ്സിലെ ബഹളത്തിനിടയിലൂടെ കമലേഷും കരിഷ്മയും വൈഷ്ണവിയും ആദിയും എന്നെ സങ്കടത്തോടെ പാളി നോക്കി. സ്കൂൾ ബസ് വരുന്ന വരെ ചെയ്യാൻ കവിത മിസ് എന്തോ വർക്ക് കൊടുത്തതിനാൽ എന്നോട് സംസാരിക്കാൻ വരാൻ പറ്റാത്തതിന്റെ സങ്കടമാണ്. ഞാൻ ബാഗിൽ നിന്നും ഡയറിയെടുത്ത് അവൾക്ക് കൊടുത്തു.. ചമ്മ്രം പടിഞ്ഞിരുന്ന് ബുക്ക് മടിയിൽ വെച് ഓരോ താളും റോഷ്‌നി കൗതുകത്തോടെ മറിച്ചു. ഓരോ ചിത്രങ്ങൾക്കിടയിലും "ഇത് യാർ സർ ഇത് യെന്നെത് സർ, റൊമ്പ അളകാര്ക്ക് സർ "
എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നു കൊണ്ടേയിരുന്നു. രോഷ്‌നിക്ക് മാത്രമേ ഞാനത്രയും ക്ഷമയോടെ മറുപടി കൊടുക്കാറുള്ളു. രോഷ്‌നിയുടെ ഓരോ വാക്കിലും നോട്ടത്തിലും കുസൃതി ഒളിഞ്ഞിരിക്കും.ഇടപ്പാടിയിലെ വൈകുന്നേരത്തിരക്കിലൂടേ ബസിഴഞ്ഞ് നടക്കുമ്പോൾ രോഷ്‌നിയെന്നെ ഒളിഞ്ഞും തെളിഞ്ഞും കണ്ണുരുട്ടിയും നോക്കി പേടിപ്പിക്കും തോക്കെടുത്ത് എന്റെ നെഞ്ചിലേക് നിറയൊഴിക്കും, നായികയുടെ വെടിയേറ്റ വില്ലനെപ്പോലെ ഞാൻ നെഞ്ചിൽ കൈ വെച് സീറ്റിലേക് ചാഞ്ഞ് മരിച്ചതു പോലെ കിടക്കും. ബസിലെ പിള്ളേരുടെ തിരക്കുകൾക്കിടയിലൂടെ നീന്തി വന്നവൾ എന്റെ നെഞ്ചിൽ പതിയെ തൊട്ടു നോക്കി ഉണ്ടക്കണ്ണുരുട്ടി ചിരിക്കും.
"സാർ, നീങ്കെ നല്ലവേ നടിക്കിറീങ്കെ സർ "പെട്ടെന്നുയിർത്തെഴുന്നേറ്റ ഞാനവളെ നിറച്ചും ഇക്കിളിയിടും. ആർത്തു ചിരിച്ചു കൊണ്ട് മുന്നിലേക്കോടുന്ന അവളെ ഞാൻ വിരല്തൊക്ക് കൊണ്ട് നിറയൊഴിക്കും..

"വീട്ടിലെ പോണതുക്കപ്പറം എന്ന പന്നുവെന് റോഷ്‌നി "?
"നാന് യൂണിഫോം കൾട്ടിട്ട്, വേറെ ഡ്രെസ്സ് പൊട്ടിട്ട്, സാവിയെടുത്ത് റൂം പൂട്ടി, പാട്ടി വീട്ടിലെ പോയീ ചോട്ടാ ഭീം പാപ്പോം
"ആഹാ ഛോട്ടാ ഭീം എനക്കും പുടിക്കും "
"ഛോട്ടാ ഭീമെല്ലാം എന്ന മാതിരി ചിന്ന പസംഗ താ പാപ്പോം സർ .. ഒരീണത്തിൽ ..പാടിയാണ് റോഷിനി പറയുക....കേട്ടിരുന്നു പോവും.മണി കിലുങ്ങുന്നത് പോലെയാണവൾ ചിരിക്കുക. ബസ് ടൗണിൽ നിന്ന് തെറ്റിത്തിരിഞ്ഞ് ചർച്ചിലേക്കുള്ള ഇടുക്കു റോഡ് പിടിക്കും.റൂമിലേക്കുള്ള ഇടറോഡിൽ സഡ്ഡനിട്ടു ഡ്രൈവർ നിർത്തും.
"അപ്പൊ നാൻ കെളംബറെ റോഷ്‌നി, see you tomorrow" എന്ന് പറഞ്ഞ് ഞാൻ തോൾബാഗ് എടുത്തിടും."ഓക്കേ,സ്പോക്കൺ സാർ " എന്ന് പറഞ്ഞവൾ മറ്റു കുട്ടികളോട് തല്ലുപിടിച്ചു തുടങ്ങും " . കുട്ടികളോട് ബൈ പറഞ്ഞ് ഞാൻ ആ ദിവസത്തിന്റെ ഒടുക്കത്തിലേക് മടക്കമാരംഭിക്കും. സന്ധ്യയും രാത്രിയും ഊഴമിട്ടെത്തും. ഒരു ദിവസം എന്നെ പിരിഞ്ഞ് ഇരുട്ടിനോടൊപ്പം പോവും.ഇരുവഴങ്ങളിലും ഓടയുടെ മണം പരന്ന ചെറുവീടുകൾക്കുള്ളിലൂടെ സന്ധ്യയിലേക്കിറങ്ങുന്ന തോർത്ത് യന്ത്രങ്ങളുടെ ശബ്ദങ്ങൾക്കിടയിലൂടെ നീളൻ ഒറ്റകൈ ബാഗേന്തി ഞാൻ റൂമിലേക്ക്‌ നടക്കും. സലീഷ് എത്തിക്കാണും, വയസ്സൻ താത്ത അവനെ താടീ എന്ന് വിളിച്ചു പിറകെ കൂടിക്കാണും.. (റൂം ഓണറുടെ അച്ഛനായിരുന്നു താത്ത. ഞങ്ങൾ സേലം വിട്ടതിനു ശേഷം മരണപ്പെട്ടെന്നറിഞ്ഞു. ) സയാമീസ് ഇരട്ടകൾ രഞ്ജിത്തും ബേസിലും വരും.. പിന്നെ, ഡിസ്ക്കവറിൽ സോബിച്ചനെത്തും <3

No comments:

Post a Comment

 Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?   സിനിമ എന്ന നിലക്ക് തന്മയത്വമുള്ള  മേക്കിംഗും സ...